"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതി വരുന്നു. നിലവില്‍ സ്വകാര്യ ബോട്ടുകള്‍ ഒരാളില്‍ നിന്ന് 1000 രൂപയോളം ഈടാക്കുന്ന സാഹചര്യത്തില്‍, അതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആനന്ദകരമായ ജലയാത്രയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി നിര്‍മിക്കുന്ന ‘വേഗ ത്രീ’ സോളാര്‍ ബോട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍.

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കായലുകളും പുഴകളും കനാലുകളും പച്ചപ്പുനിറഞ്ഞ തുരുത്തുകളും ചേര്‍ന്ന വേമ്പനാട് കായലിന്റെ സൗന്ദര്യം ഇനി സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം. വര്‍ധിച്ചുവരുന്ന വിദേശ-ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്ത് സംസ്ഥാന ജലഗതാഗത വകുപ്പ് വൈക്കത്ത് ‘ബജറ്റ് ടൂറിസം പദ്ധതി’ ആരംഭിക്കുന്നു.


വൈക്കം കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കിയ ബജറ്റ് ടൂറിസത്തിനു ലഭിച്ച വന്‍ ജനപ്രീതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജലഗതാഗത വകുപ്പിന്റെയും പുതിയ നീക്കം. 


നിലവില്‍ സ്വകാര്യ ബോട്ടുകള്‍ ഒരാളില്‍ നിന്ന് 1000 രൂപയോളം ഈടാക്കുന്ന സാഹചര്യത്തില്‍, അതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആനന്ദകരമായ ജലയാത്രയൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.


വൈക്കം ജെട്ടിയില്‍ നിന്ന് ആരംഭിച്ച് മുറിഞ്ഞപുഴ, പാലാക്കരി ഫിഷ് ഫാം, തണ്ണീര്‍മുക്കം ബണ്ട്, വിവിധ തുരുത്തുകള്‍, പാതിരാമണല്‍ എന്നിവയെ കോര്‍ത്തിണക്കിയാണു ജലയാത്രാ പാക്കേജ് രൂപകല്‍പ്പന ചെയ്യുന്നത്.


പദ്ധതിക്കായി നിര്‍മിക്കുന്ന ‘വേഗ ത്രീ’ സോളാര്‍ ബോട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കൂടാതെ വൈക്കം-എറണാകുളം സര്‍വീസ് അവസാനിപ്പിച്ച ‘വേഗ 120’ ഹൈസ്പീഡ് എസി ബോട്ടും ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു പരിഗണനയിലുണ്ട്.

കരിയാറിലൂടെ വേമ്പനാട്ടു കായലിലേക്കും, സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മുണ്ടാറിലേക്കും എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനൊപ്പം മുറിഞ്ഞപുഴ, ഇത്തിപ്പുഴ, പുത്തന്‍കായല്‍, വൈക്കം കായലോര ബീച്ച് എന്നിവയും ഇതിനോടകം വിനോദസഞ്ചാരികളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ഏറെ വൈകാതെ തന്നെ ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Get more updates from Pudukad News on Google