കൊച്ചി മെട്രോ ‘പിങ്ക് ലൈൻ’ 2027 ഓഗസ്റ്റിൽ നാടിന് സമർപ്പിക്കും. നിർമ്മാണം ദ്രുതഗതിയിലെന്ന് കെ.എം.ആർ.എൽ. നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി സ്മാർട്ട് സിറ്റി വരെയുള്ള 11.20 കി.മീ പാതയിൽ പൈലിംഗ് 92% പൂർത്തിയായി. അഞ്ച് കിലോമീറ്ററോളം പാലം സജ്ജം. ട്രാക്കിനുള്ള റെയിലുകൾ കൊച്ചിയിലെത്തി. 24 മണിക്കൂറും സജീവ നിർമ്മാണം

Current: മലയാളം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ ‘പിങ്ക് ലൈൻ’ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി 2027 ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ).
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കാക്കനാട് വഴി ഇൻഫോപാർക്ക് സ്മാർട്ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റർ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
2024 ജൂൺ 12-നാണ് പാതയുടെ വയഡക്ട് നിർമ്മാണത്തിന് തുടക്കമായത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ വിദേശ വായ്പാ അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസം, കെ.എസ്.ഇ.ബി-വാട്ടർ അതോറിറ്റി ലൈനുകളും ഗ്യാസ് പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിക്കൽ തുടങ്ങിയ വലിയ പ്രതിസന്ധികൾ കാര്യക്ഷമമായി അതിജീവിച്ചാണ് മെട്രോ ടീം നിർമ്മാണം വേഗത്തിലാക്കിയത്.
നിലവിൽ 24 മണിക്കൂറും സജീവമായി നടക്കുന്ന നിർമ്മാണ പ്രവൃത്തികളിലൂടെ പ്രതിദിനം 30 മുതൽ 40 മീറ്റർ വരെ പാത പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്.
പാതയിലെ 11 സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈൽ ക്യാപ് നിർമ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ആകെ പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂർത്തിയായി.
ആവശ്യമുള്ള 2028 പൈലുകളിൽ 1877 എണ്ണവും, 470 കൂറ്റൻ തൂണുകളിൽ 397 എണ്ണവും വിജയകരമായി നിർമ്മിച്ചു. 266 പിയർ ക്യാപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനകം 346 യു-ഗർഡറുകളും 136 ഐ-ഗർഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം സജ്ജമായിക്കഴിഞ്ഞു.
ട്രാക്ക് നിർമ്മാണം, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതീകരണ സംവിധാനങ്ങൾ എന്നിവയ്ക്കുള്ള എല്ലാ ആഗോള കരാറുകളും ഇതിനകം നൽകിക്കഴിഞ്ഞു. ട്രാക്ക് നിർമ്മാണത്തിനാവശ്യമായ റെയിലുകൾ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
സ്റ്റേഷനുകളിലേക്കുള്ള ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവയുടെ നിർമ്മാണങ്ങൾ വിവിധ ഫാക്ടറികളിൽ പുരോഗമിക്കുകയാണെന്നും കൃത്യസമയത്ത് തന്നെ ഐടി നഗരത്തിലേക്ക് പിങ്ക് ലൈൻ കുതിക്കുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.




