ബോചെ ടീയുടെ സൗജന്യ സമ്മാനക്കൂപ്പൺ പദ്ധതി കുറ്റകരമല്ല; പരാതി തള്ളി ലോകായുക്ത | Boche Tea coupon scheme

Current: മലയാളം

തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ സമ്മാനക്കൂപ്പൺ പ്രമോഷണൽ പദ്ധതി ലോട്ടറീസ് (റെഗുലേഷൻ) ആക്ട്, പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ (ബാനിംഗ്) ആക്ട് തുടങ്ങിയ നിയമങ്ങളുടെ പരിധിയിൽ കുറ്റകരമാണെന്ന പരാതി കേരള ലോകായുക്ത തള്ളി (Boche Tea coupon scheme). ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതി നമ്പർ 280/2025-D ആയിരുന്നു കേസ്.
സമ്മാനക്കൂപ്പണുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകമായി യാതൊരു തുകയും ഈടാക്കിയിട്ടില്ലെന്ന വസ്തുത ലോകായുക്ത പരിഗണിച്ചു. ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തതായും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളിൽ നിന്ന് കൂപ്പണുകൾക്കായി പ്രത്യേകം പണം ഈടാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പദ്ധതി ‘പ്രൈസ് ചിറ്റ്’ ആയി കണക്കാക്കാനാകില്ലെന്നാണ് ലോകായുക്തയുടെ നിരീക്ഷണം. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻവിധികളുടെ അടിസ്ഥാനത്തിൽ പരാതിയിൽ ഉന്നയിച്ച കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ലോകായുക്തയുടെ ഉത്തരവ് തങ്ങളുടെ നിലപാടിന് നിയമപരമായ പിന്തുണ നൽകുന്നതാണെന്ന് ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പ്രതികരിച്ചു. വിപണിയിലെ മറ്റ് സ്ഥാപനങ്ങളും സമാനമായ പ്രമോഷണൽ പദ്ധതികൾ നടത്തുന്ന സാഹചര്യത്തിൽ ബോചെ ടീയെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികൾക്കുള്ള മറുപടിയാണ് ഉത്തരവെന്നും കമ്പനി പ്രതികരണത്തിൽ പറഞ്ഞു.
കമ്പനിക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ശ്യാം പത്മൻ, അഡ്വ. എസ്. രഘുകുമാർ, അഡ്വ. ജ്വാല കെ.പി. എന്നിവർ ഹാജരായി.
Story Summary:
The Kerala Lokayukta dismissed a complaint alleging that Boche Tea’s free promotional coupon scheme violated lottery and prize-chit laws. The bench noted that customers were not charged separately for the coupons and considered the relevant Supreme Court and High Court judgments.




