റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി ജിത്തു സജി റിമാൻഡിൽ | Kozhenchery murder

Current: മലയാളം

കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജിത്തു സജിയെ റിമാൻഡ് ചെയ്തു (Kozhenchery murder). തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് 28കാരനായ ജിത്തു സജിയെ റിമാൻഡ് ചെയ്തത്.
കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജിയാണ് കേസിലെ പ്രതി. ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം കുളത്തൂപ്പുഴ സാം നഗർ കാഞ്ഞിരോട്ടുകുന്നിൻപുറം ദിൻഷ മൻസിലിൽ ദിൻഷ (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷൻ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ദിൻഷ. റിസോർട്ട് വളപ്പിലെ പാർക്കിങ് ഏരിയയ്ക്ക് സമീപമാണ് ആക്രമണം നടന്നത്.
റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുമായി സംസാരിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിൻഷ ബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും അതിന്റെ കവറും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ആക്രി വ്യാപാരിയായ ഷാജിയുടെയും തൊഴിലുറപ്പ് തൊഴിലാളിയായ ഷീജാബീവിയുടെയും ഏക മകളാണ് ദിൻഷ.
Story Summary:
A 28-year-old man, Jithu Saji, has been remanded in connection with the alleged murder of 21-year-old resort employee Dinsha in Kozhenchery. Police recovered a knife believed to have been used in the attack and are investigating the circumstances surrounding the killing.




