ദേശീയതലത്തിൽ സഖ്യകക്ഷികൾ തമ്മിലുള്ള പോരാട്ടം ഒഴിവാക്കണം; രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). സംസ്ഥാനതലത്തിൽ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അവ ദേശീയതലത്തിലെ ഏകോപനത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. സഖ്യകക്ഷികൾ തമ്മിലുള്ള പരസ്യമായ തർക്കങ്ങൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പൊതുസമൂഹത്തെയും അണിനിരത്തണമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദേശത്തോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്തുണ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് മമത യോഗത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം. ഇടതുപാർട്ടികളുമായി സഹകരിച്ച് പൊതുസമൂഹത്തെയും ആക്ടിവിസ്റ്റുകളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. എം.എ. ബേബി തനിക്ക് കത്തയച്ചിരുന്നുവെന്നും അതിന് മറുപടി നൽകിയെന്നും മമത യോഗത്തെ അറിയിച്ചു.
സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന നിലപാട് മമത ഇന്ത്യാ സഖ്യ യോഗത്തിൽ ആദ്യമായി വ്യക്തമാക്കിയതായും നേതാക്കൾ പറഞ്ഞു. നേരത്തെ തന്നെ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സംയുക്ത നീക്കത്തിനായി ചർച്ചകൾ നടത്തിയിരുന്നു.
ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ യോഗത്തിൽ വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം മുന്നോട്ടുവച്ച ചില നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
ഇന്ത്യാ സഖ്യം ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
Story Summary:
Congress leader Rahul Gandhi has called for greater coordination among INDIA bloc parties at the national level, saying state-level differences should not affect the alliance’s broader functioning. The meeting also discussed joint protests and legal measures concerning Chief Election Commissioner Gyanesh Kumar and the Election Commission.




