"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരഞ്ഞെടുപ്പ് പരാജയത്തിലും നേതൃത്വത്തെ തൊടാതെ സിപിഎം.തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടേറിയറ്റിൽ മാറ്റമില്ല. 10 പേർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കൾ. എറണാകുളത്തും തൃശൂരും അഴിച്ചുപണി നടന്നിട്ടും തലസ്ഥാനത്തെ അവഗണനയിൽ നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്തി. മുൻ മന്ത്രിമാർ തൊഴിലാളി വിരുദ്ധരെന്ന് സിഐടിയു വിമർശനം. പ്രതിരോധിച്ച് പിണറായി വിജയൻ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും പുനസംഘടിപ്പിക്കാതെ വിശാല ജില്ലാ കമ്മിറ്റി സമാപിച്ചു.

ജില്ലാ കമ്മിറ്റിയിലേക്ക് പത്ത് പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് മാത്രമാണ് വിശാല കമ്മിറ്റി തലസ്ഥാന ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ വരുത്തിയ തിരുത്തൽ.

തിരുവനന്തപുരത്തിന് ഒപ്പം വിശാല ജില്ലാ കമ്മിറ്റി നടന്ന ഏറണാകുളത്തും തൃശൂരും ജില്ലാ സെക്രട്ടേറിയേറ്റിൽ ഓരോ അംഗത്തെ വീതം ഉൾപ്പെടുത്തിയിട്ടും തിരുവനന്തപുരത്ത് മാത്രമാണ് ജില്ലാ സെക്രട്ടേറിയേറ്റിൽ ആരെയും ഉൾപ്പെടുത്താതിരുന്നത്. 

നാല് ഏരിയാ സെക്രട്ടറിമാരെയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ്, സെക്രട്ടറി, കിസാൻ സഭ, സിഐടിയു എന്നീ ബഹുജന സംഘടനകളിൽ നിന്നുളളവരെയുമാണ് ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്.

പാറശാല ഏരിയ സെക്രട്ടറി അഡ്വ.അജയൻ, നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ശ്രീകുമാർ, ചാല ഏരിയാ സെക്രട്ടറി ജയിൽ കുമാർ, വെഞ്ഞാറമ്മൂട് ഏരിയാ സെക്രട്ടറി ഇ.എ.സലിം എന്നിവരാണ് ഏരിയാ തലത്തിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് എത്തിയത്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് വി.എസ്.ശ്യാമ, ജില്ലാ സെക്രട്ടറി ലിജു എന്നിവരും സിപിഎം ജില്ലാ കമ്മിറ്റിയിൽ എത്തി. ആദിവാസി മേഖലയിൽ നിന്നുളള നേതാവ് കിഷോറിനെ കിസാൻ സഭാ പ്രതിനിധിയായി ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സി.ഐ.ടി.യു നേതാവ് സുന്ദരൻപിളളയും ട്രേഡ് യൂണിയൻ ക്വാട്ടയിൽ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശകുന്തള വനിതാ ക്വാട്ടയിലും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തപ്പെട്ടു.

നേരത്തെ ജില്ലാ കമ്മിറ്റി അംഗമായിരിക്കുകയും ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായതിനെ തുടർന്ന് സ്ഥാനമൊഴിയുകയും ചെയ്ത അഡ്വ. എ.എ റഷീദിനെയും ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി തിരിച്ചെടുത്തു. ജില്ലയിലെ നിയമസഭ തദ്ദേശ ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടിട്ടും ജില്ലാ സെക്രട്ടേറിയേറ്റിനെ തൊടാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.

ജില്ലാ സെക്രട്ടേറിയേറ്റിന് വീഴ്ചയൊന്നുമില്ലെന്നാണ് നേതൃത്വം പറയുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലാ സെക്രട്ടേറിയേറ്റിൽ പുതുതായി ഒരാളെ കൂടി ഉൾപ്പെടുത്താൻ ജില്ലാ നേതൃത്വം താൽപര്യപ്പെട്ടിരുന്നെങ്കിലും അംഗസംഖ്യ വർദ്ധിപ്പിക്കാൻ സംസ്ഥാന നേതൃത്വം അനുമതി നൽകിയില്ല.

എന്നാൽ തിരുവനന്തപുരത്തിന് ഒപ്പം വിശാല ജില്ലാ കമ്മിറ്റി നടന്ന ഏറണാകുളത്തും തൃശൂരും ജില്ലാ സെക്രട്ടേറിയേറ്റിൽ ഓരോ അംഗത്തെ വീതം ഉൾപ്പെടുത്തിയിട്ടും തിരുവനന്തപുരത്ത് മാത്രമാണ് ജില്ലാ സെക്രട്ടേറിയേറ്റിൽ ആരെയും ഉൾപ്പെടുത്താതിരുന്നത്.

ജില്ലാ നേതൃത്വം കാര്യമായ തോതിൽ താൽപര്യം എടുത്തിരുന്നെങ്കിൽ തിരുവനന്തപുരത്തും ഒരാളെ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്.ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 13 സീറ്റിൽ ജയിച്ചിരുന്ന എൽ.ഡി.എഫിൻെറ അംഗബലം അഞ്ചിലേക്ക് ചുരുങ്ങുകയും രണ്ട് മണ്ഡലങ്ങളിൽ ബിജെപിക്ക് എം.എൽ.എമാർ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

40 വർഷമായി കൈയ്യടക്കി വെച്ചിരുന്ന നഗരസഭാ ഭരണം നഷ്ടമായതും ഇക്കാലത്താണ്.എന്നിട്ടും അതിൻെറ ഉത്തരവാദിത്തം ചുമത്തി ജില്ലാ സെക്രട്ടേറിയേറ്റിൽ മാറ്റങ്ങൾ വരുത്താൻ കൂട്ടാക്കാത്ത നേതൃത്വം എന്തുതിരുത്തലാണ് വരുത്തുന്നതെന്നാണ് പാർട്ടി നേതാക്കൾ തന്നെ ചോദിക്കുന്നത്.

രണ്ട് ദിവസമായി നടന്ന വിശാല ജില്ലാ കമ്മിറ്റിയിൽ നടന്ന പൊതുചർച്ചയിൽ 34 പേരാണ് പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ജില്ലാ സെക്രട്ടറി വി.ജോയിയും ചർച്ചകൾക്ക് മറുപടി പറഞ്ഞു.

വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.

പൊലീസിനെ കായികമായി നേരിടുക എന്നത് പാർട്ടി നയമല്ലെന്ന് പിണറായി പറഞ്ഞു. പൊലീസിൻെറ അതിക്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക എന്നതാണ് പാർട്ടിയുടെ സമീപനം. അക്രമം തീർത്തും ദുസ്സഹമാകുന്ന ഘട്ടത്തിലെത്തിയാൽ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മുന്നോട്ടുപോകാമെന്നും പിണറായി മറുപടി നൽകി.

എൽ.ഡി.എഫ് സർക്കാരിലെ മന്ത്രിമാരായിരുന്ന പി.രാജീവ്,കെ.എൻ.ബാലഗോപാൽ,സജി ചെറിയാൻ, എം.ബി.രാജേഷ് എന്നിവർ തൊഴിലാളി പക്ഷത്ത് നിന്നല്ല പ്രവർത്തിച്ചത് എന്ന വിമർശനവും വിശാല ജില്ലാ കമ്മിറ്റി പൊതുചർച്ചയിൽ ഉയർന്നു.

സിഐടിയു പ്രതിനിധി സുന്ദരം പിളളയാണ് വിമർശനം ഉന്നയിച്ചത്.മന്ത്രിമാരായിരുന്ന ഈ നേതാക്കൾക്ക് ഭരണത്തിലുളളപ്പോൾ അടിസ്ഥാന വർഗമായ തൊഴിലാളികളെ വേണ്ടെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രം അരിവാൾ ചുറ്റിക നക്ഷത്രം മതിയെന്നുമായിരുന്നു

സുന്ദരൻ പിളളയുടെ പരിഹാസം. സജി ചെറിയാൻ പളളി പറഞ്ഞാൽ മാത്രമേ കേൾക്കുളളുവെന്നും ആക്ഷേപിച്ചു. വിമർശനത്തിന് മറുപടി നൽകിയ പിണറായി വിജയൻ നേതാക്കളെ പ്രതിരോധിച്ചാണ് സംസാരിച്ചത്.മന്ത്രിമാർ എന്ന നിലയിലുളള പരിമിതികൾ മനസിലാക്കണം.

ആ പരിമിതികൾക്ക് ഉളളിൽ നിന്ന് കൂട്ടായി ആലോചിച്ച് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.മറിച്ചുളള ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പിണറായി വിശദീകരിച്ചു. കേരളത്തിലേക്ക് നിക്ഷേപം വരുന്നതിന് തടസമായി നിന്ന രണ്ട് കാര്യങ്ങൾ എന്ന നിലയിലാണ് നോക്കുകൂലിക്കും യൂണിയൻ ക്വാട്ടയിൽ ജോലി ഉറപ്പാക്കുന്നതിനും എതിരെ സമീപനം സ്വീകരിച്ചത്.

ഒറ്റപ്പെട്ട ചിലയിടങ്ങളിൽ നോക്കു കൂലി വാങ്ങുന്നുണ്ടാമെങ്കിലും നോക്ക് കൂലി വാങ്ങരുത് എന്നത് പൊതുബോധമാക്കി മാറ്റാൻ 10 കൊല്ലത്തെ ഭരണം കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കുകയുമാണ് തൊഴിലാളി സംഘടനകളുടെ കടമയും കർത്തവ്യവും. നോക്കൂകൂലി വാങ്ങാനോ യൂണിയൻെറ പേരിൽ ഇത്ര ആളുകൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെടാനുളള അധികാരമില്ലെന്നും പിണറായി വ്യക്തമാക്കി.

Get more updates from Pudukad News on Google