"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘സമഗ്ര 2026’ രണ്ടാം പതിപ്പ് ഒക്ടോബർ 3ന് പാലക്കാട്; 100 കോടി രൂപയുടെ വായ്പാ വിതരണം മന്ത്രി കെ എ തുളസി നിർവഹിക്കും

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷന്റെ വിവിധ വികസന പദ്ധതികളുടെ പ്രചാരണ പരിപാടിയായ ‘സമഗ്ര 2026’ രണ്ടാം പതിപ്പും പിന്നാക്കവിഭാഗവികസന വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ സമാപനവും ഒക്ടോബർ മൂന്നിന് പാലക്കാട് കോട്ടയിൽ കൺവെൻഷൻ സെന്ററിൽ നടക്കും. 

പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 


മുഖ്യപ്രഭാഷണവും പുതിയ വായ്പ പദ്ധതികളുടെ വിതരണോദ്ഘാടനവും വി. കെ ശ്രീകണ്ഠൻ എം.പി നിർവഹിക്കും. കെ. രാധാകൃഷ്ണൻ എം പി മൈക്രോ ക്രെഡിറ്റ് വായ്പ വിതരണവും, എം.പി അബ്ദുസമദ് സമദാനി എംപി വിദ്യാഭ്യസ വായ്പ വിതരണവും നിർവഹിക്കും.


വനിതകൾക്കായുള്ള പലിശരഹിത ‘പ്രിയദർശിനി സ്വയംതൊഴിൽ വായ്പ’, മുതിർന്ന പൗരന്മാർക്കുള്ള ‘ജീവൻധാര സീനിയർ സെക്യൂർ വായ്പ’ എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും. അന്നേ ദിവസം പതിനായിരത്തോളം ഗുണഭോക്താക്കൾക്കായി 100 കോടിയോളം രൂപയുടെ വായ്പാവിതരണമാണ് ലക്ഷ്യമിടുന്നത്. 

ഈ പരിപാടിയോടെ, 100 ദിന കർമ്മപരിപാടിയിലൂടെ വകുപ്പ് ലക്ഷ്യമിട്ടിരുന്ന മുഴുവൻ പദ്ധതികളിലും 100% പുരോഗതി കൈവരിക്കാൻ സാധിക്കും. മറ്റു പിന്നാക്ക മത ന്യൂനപക്ഷങ്ങളുടെ സമഗ്രമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് സമഗ്രയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 


ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി ഡിസംബർ അവസാന വാരം പാലക്കാട് കോട്ട മൈതാനത്ത് ഏഴ് ദിവസത്തെ വിപുലമായ എക്‌സിബിഷനും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ സംഘടിപ്പിക്കും.


ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 18,377 പേർക്കായി 272 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഇതിൽ 80 ശതമാനവും വനിതകൾക്ക് നൽകിയത്, സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിനും താഴെത്തട്ടിലുള്ള സാമ്പത്തിക ഉന്നമനത്തിനും സർക്കാർ നൽകുന്ന വലിയ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. 

ചെറുകിട സംരംഭങ്ങൾ, സ്വയംതൊഴിൽ പദ്ധതികൾ, കുടുംബശ്രീ അധിഷ്ഠിത തൊഴിലുകൾ എന്നിവയിലൂടെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകാനും ഇതുവഴി സാധിച്ചിട്ടുണ്ട്. 

ഇതിനുപുറമെ, വനിതകൾക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി പലിശരഹിത വായ്പ ലഭ്യമാക്കുന്ന ‘പ്രിയദർശിനി സ്വയംതൊഴിൽ വായ്പാപദ്ധതി’, കൂടുതൽ വനിതാ സംരംഭകരെ വാർത്തെടുക്കാനുള്ള സർക്കാരിന്റെ ശക്തമായ കാൽവെയ്പാണ്.

Get more updates from Pudukad News on Google