"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വയോജന സംരക്ഷണം ഇനി സർക്കാറിന്റെ ഔദാര്യമല്ല, നിയമപരമായ അവകാശം; സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും, കരട് ഉടൻ തയാറാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വയോജന സംരക്ഷണം സർക്കാറിന്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമാണെന്ന് ഉറപ്പാക്കാൻ സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന്‍റെ കരട് ഉടൻ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേവലം ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിൽ ഒതുങ്ങാതെ മുതിർന്നവരുടെ അനുഭവവും കഴിവുകളും നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്ന ‘സിൽവർ ഇക്കോണമി’ എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.


2036ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠന റിപ്പോർട്ട് മുൻനിർത്തിയാണ് പുതിയ നടപടികളിലേക്ക് കടക്കുന്നത്. മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ചെയർപേഴ്സണായി ഗവേണിങ് കൗൺസിൽ രൂപവത്കരിക്കും. അന്താരാഷ്ട്ര മാതൃകകൾ പഠിച്ച് നിർദേശങ്ങൾ നൽകാൻ വിദഗ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതിയും നിലവിൽ വരും. ഇതോടൊപ്പം ഡയറക്ടറേറ്റും ജില്ലതല സീനിയർ സിറ്റിസൺസ് സെല്ലുകളും ഉടൻ പ്രവർത്തന സജ്ജമാക്കും.


സംസ്ഥാനത്തുടനീളം സർവേ നടത്തി മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രജിസ്ട്രി തയാറാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ മുതിർന്നവരെ കണ്ടെത്തി പ്രത്യേക രജിസ്ട്രിയുമുണ്ടാക്കും. അടുത്ത അക്കാദമിക് വർഷം മുതൽ സംസ്ഥാനത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ കെയർ ഗിവർ കോഴ്‌സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആരോഗ്യ വകുപ്പ് തയാറാക്കിയ മുതിർന്ന പൗരന്മാർക്കുള്ള സമഗ്ര ഹെൽത്ത് കെയർ ആക്ഷൻ പ്ലാൻ ചടങ്ങിൽ മുഖ്യമന്ത്രിക്ക്, മന്ത്രി കെ. മുരളീധരൻ കൈമാറി. മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു.

Get more updates from Pudukad News on Google