ബൈക്ക് കത്തിച്ചു, അന്വേഷണം നീണ്ടപ്പോൾ ഞെട്ടിക്കുന്ന വഴിത്തിരിവ്; ഭർത്താവിനെ കൊല്ലാൻ ഭാര്യയും സംഘവും പദ്ധതിയിട്ടെന്ന് പൊലീസ് | BJP leader Muniraju murder plot

Current: മലയാളം

തിരുപ്പതി: ആന്ധ്രപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ഭാര്യയും സംഘവും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പൊലീസ്. ബിജെപി മണ്ഡൽ പ്രസിഡന്റ് മുനിരാജുവിന്റെ ബൈക്ക് കത്തിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭാര്യ പ്രശാന്തിയുടെ പങ്ക് പുറത്തുവന്നത്. സംഭവത്തിൽ പ്രശാന്തിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. (BJP leader Muniraju murder plot)
സെപ്റ്റംബർ 13ന് രാത്രിയാണ് മുനിരാജുവിന്റെ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുനിരാജു പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സ്വത്ത് തർക്കമോ പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്നായിരുന്നു പൊലീസ് പരിശോധിച്ചത്. വിനായക ചവിതി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫ്ലെക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കവും അന്വേഷണ പരിധിയിലുണ്ടായിരുന്നെങ്കിലും അതിന് തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച പൊലീസ് സായി, ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ ബൈക്ക് കത്തിച്ചതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
എന്നാൽ അന്വേഷണത്തിനിടെ മുനിരാജുവിന്റെ ഭാര്യ പ്രശാന്തിയുടെ പങ്കും പുറത്തുവന്നതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. പൊലീസ് പറയുന്നതനുസരിച്ച്, പ്രശാന്തിക്ക് പ്രതികളിലൊരാളായ സായിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭർത്താവുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും പ്രശാന്തി സായിയുമായി പങ്കുവച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.
മുനിരാജുവിനെ ആക്രമിക്കുന്നതിനെക്കുറിച്ച് പ്രശാന്തിയും മറ്റ് പ്രതികളും പലതവണ ചർച്ച നടത്തുകയും പദ്ധതിയിടുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം. എന്നാൽ ഈ കൊലപാതക പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ബൈക്ക് കത്തിച്ച സംഭവവും ഇതുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രശാന്തി, സായി, ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ആറ് പേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതക ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.
Summary: Andhra Pradesh police have arrested the wife of BJP leader Muniraju and five others in connection with an alleged plot to kill him. The investigation began after Muniraju’s motorcycle was set on fire and later uncovered the alleged involvement of his wife and her contacts with one of the suspects.




