പള്ളികളിലെ സംഘർഷം, സർക്കാരിനെ പ്രതിഷേധം അറിയിക്കാൻ മലങ്കരസഭ. സഭാ മാനേജിംഗ് കമ്മിറ്റി പ്രമേയം പാസാക്കി

Current: മലയാളം

കോട്ടയം: എറണാകുളം ജില്ലയിലെ പിറവം , പിറമാടം പള്ളികളിലെ സംഘർഷങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കോട്ടയം പഴയസെമിനാരിയിൽ ചേർന്ന യോഗം സഭയുടെ പ്രതിഷേധം രേഖപ്പെടുത്തി പ്രമയേം പാസാക്കി. പിറമാടം പള്ളിയിൽ കോടതി വിധി അനുകൂലമായിരുന്നിട്ടും വികാരി ഫാ.എബിൻ ഏബ്രഹാമിന് മർദനമേറ്റു.
2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി നടപ്പായ പിറവം പള്ളിയിൽ പ്രാർത്ഥനാ റാലി എന്ന പേരിലെത്തിയ സംഘം വികാരി ഫാ. ഏലിയാസ് ചെറുകാട്ടിനെ കൈയ്യേറ്റം ചെയ്തു.
പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തികളാണ് വിഘടിത വിഭാഗത്തിൽ നിന്നുണ്ടായത്. നിയമം ലംഘിക്കപ്പെടുന്ന കാഴ്ച്ചകളാണ് രണ്ടിടത്തും കണ്ടത്.
പള്ളികളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടാകുന്നു. വൈദികർക്ക് നേരെയുണ്ടായ അതിക്രമങ്ങളെ സഭാ മാനേജിംഗ് കമ്മിറ്റിയോഗം അപലപിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ അധികാരികൾ നിസംഗത പാലിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അവതരിപ്പിച്ച സഭയുടെ 2025-2026 ലെ വരവ് – ചെലവ് കണക്കുകൾ യോഗം പാസാക്കി. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സഭയുടെ മെത്രാപ്പോലീത്താമാർ, സ്ഥാനികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.




