മെസ്സി വിവാദം: മുൻ മന്ത്രി വി. അബ്ദുറഹിമാനെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത് എസ്ഐടി | V Abdurahiman Lionel Messi Kerala visit

Current: മലയാളം

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു (V Abdurahiman Lionel Messi Kerala visit). റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ടെൻഡർ നടപടികളില്ലാതെ അനുകൂലമായ ഇടപെടൽ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് വിവരം.
വിദേശത്തേക്ക് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ, മുൻ മന്ത്രിയുടെ വിദേശയാത്രകൾ, പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ആശയവിനിമയങ്ങൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ തേടി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. എസ്ഐടി റിപ്പോർട്ടിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആരോപണവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുക്കുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണം നേരത്തെയുള്ള അന്വേഷണ റിപ്പോർട്ടുകളിലും ഉയർന്നിരുന്നു. ടെൻഡർ നടപടികളില്ലാതെ കമ്പനിയെ തിരഞ്ഞെടുത്തതും ഔദ്യോഗിക ആശയവിനിമയങ്ങളുമായി ബന്ധപ്പെട്ട രേഖകളിലെ ക്രമക്കേടുകളും പരിശോധിച്ചുവരികയാണ്.
അതേസമയം, മെസ്സി-അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ വി. അബ്ദുറഹിമാനെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം. മുൻ മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ മൊഴികളും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. അബ്ദുറഹിമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
നേരത്തെ എസ്ഐടി അന്വേഷണം അബ്ദുറഹിമാൻ സ്വാഗതം ചെയ്തിരുന്നു. അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും, അർജന്റീന ടീമുമായി ബന്ധപ്പെട്ട പണം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. കേസിന്റെ ഭാഗമായി എസ്ഐടി നേരത്തെ റിപ്പോർട്ടർ ടിവി ഓഫീസിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.
Story Summary:
Former Kerala Sports Minister V Abdurahiman was questioned by the Special Investigation Team in the case related to alleged financial irregularities surrounding the proposed visit of Lionel Messi and the Argentina national football team to Kerala. The probe is examining alleged procedural violations, foreign financial transactions and tax-related issues linked to Reporter Broadcasting Company, while Abdurahiman has not been made an accused in the case so far.




