"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജീവിത ശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: മന്ത്രി കെ. മുരളീധരൻ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: അർബുദവും ഹൃദ്രോഗവും മറ്റ് ജീവിത ശൈലി രോഗങ്ങളും വർദ്ധിച്ചുവരുന്നത് വെല്ലുവിളിയാണെന്നും അവയ്‌ക്കെതിരെ ശക്തമായ ജാഗ്രത ആവശ്യമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. 

സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ ഭക്ഷണ സംസ്‌കാരം രോഗങ്ങളുടെ വ്യാപനത്തിന് പ്രധാനപ്പെട്ട കാരണമായി മാറി. 


അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത് അപകടകരമാണ്. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണക്രമവും വ്യായാമവും  ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.


ഹൃദയാഘാതം മുൻകൂട്ടി കണ്ടെത്താൻ സഹായകമായ ട്രോപ്പോണിൻ ടെസ്റ്റ് നവംബർ മുതൽ സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യമായി നൽകും. 

ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ സി.പി.ആർ. പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു. 


ഹൃദയം നൽകുന്ന സൂചനകൾ അവഗണിക്കരുതെന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണ ലോക ഹൃദയദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.


മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജ് ഹൃദയദിന സന്ദേശം നൽകി. 

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ എസ്. ഷെർളി, എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. സന്ധ്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, കെ.വി.എച്ച്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാജു വി. ഇട്ടി, സ്റ്റേറ്റ് എജ്യുക്കേഷൻ മാസ് മീഡിയ ഓഫീസർ  ഡോമി ജോൺ എന്നിവർ സംസാരിച്ചു.


ഹൃദയദിനാചരണത്തിന്റെ ഭാഗമായി മ്യൂസിയം മുതൽ അയ്യങ്കാളി ഹാൾ വരെ സംഘടിപ്പിച്ച കൂട്ടയോട്ടവും സൈക്കിൾ റാലിയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ്. ഷഹൻഷാ ഫ്ലാഗ് ഓഫ് ചെയ്തു.


തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. എസ്. ഹരികൃഷ്ണൻ  നേതൃത്വം നൽകി. 

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. മധു, ഡോ. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ആർ പ്രായോഗിക പരിശീലനം നൽകി. സ്റ്റേറ്റ് ന്യൂട്രീഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ ഉപകരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവ. പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്‌കിറ്റ് എന്നിവയും അരങ്ങേറി.

Get more updates from Pudukad News on Google