"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയർലണ്ടിലും കാട്ടുകടന്നൽ; അമ്പരന്ന് അധികൃതർ, പരക്കം പാഞ്ഞ് തിരച്ചിൽ

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോർക്ക് റിംഗാസ്കിഡിയിൽ ഏഷ്യൻ കടന്നലിനെ രണ്ടാമതും കണ്ടെത്തി; സമീപത്ത് കൂടുണ്ടെന്ന സംശയം ശക്തം — കൂട് കണ്ടെത്താൻ അത്യാധുനിക ട്രാക്കിങ് സാങ്കേതികവിദ്യയുമായി

അയർലൻഡിൽ ആശങ്ക ഉയർത്തി ഏഷ്യൻ കടന്നൽ (Asian hornet) സാന്നിധ്യം. കോർക്ക് കൗണ്ടിയിലെ റിംഗാസ്കിഡി പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏഷ്യൻ കടന്നലിനെ കണ്ടെത്തിയതോടെ, സമീപപ്രദേശത്ത് ഇവയുടെ കൂടുണ്ടോയെന്നറിയാൻ അധികൃതർ അടിയന്തര തെരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച റിംഗാസ്കിഡിയിൽ ഒരു ഏഷ്യൻ കടന്നലിനെ പൊതുജനമാണ് ആദ്യം കണ്ടെത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തത്. തുടർന്ന് നാഷണൽ പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ്  പ്രദേശത്ത് വ്യാപക നിരീക്ഷണവും പരിശോധനയും ആരംഭിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ കടന്നലിനെ കൂടി കണ്ടെത്തിയതോടെയാണ് സമീപത്ത് ഒരു കൂട് നിലനിൽക്കുന്നുണ്ടാകാമെന്ന ആശങ്ക ശക്തമായത്.

കൂട് കണ്ടെത്താൻ ‘ട്രാക്കിങ്’ സാങ്കേതികവിദ്യകൂട് കണ്ടെത്തുന്നതിനായി പ്രത്യേക ബെയ്റ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചാണ് അധികൃതരുടെ പരിശോധന. ജീവനുള്ള ഏഷ്യൻ കടന്നലിനെ പിടികൂടി അതിന്റെ ശരീരത്തിൽ വളരെ ചെറിയ ട്രാൻസ്മിറ്റർ ഘടിപ്പിച്ച് വീണ്ടും സ്വതന്ത്രമാക്കുകയാണ് പ്രധാന തന്ത്രം. കടന്നൽ പറന്നുപോകുന്ന ദിശയും റേഡിയോ സിഗ്നലും പിന്തുടർന്ന് അതിന്റെ കൂട് കണ്ടെത്താനാണ് ശ്രമം. അയർലൻഡിൽ ആദ്യമായാണ് ഈ രീതിയിൽ ഏഷ്യൻ കടന്നലിനെ ട്രാൻസ്മിറ്റർ ഉപയോഗിച്ച് പിന്തുടരുന്നത്.

റിംഗാസ്കിഡിയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപമുള്ള ഐവി ചെടികളിൽ കടന്നലുകളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. ഇവിടെയുള്ള സ്വാഭാവിക ഭക്ഷണസ്രോതസ്സ് കടന്നലുകളെ ആകർഷിക്കുന്നതിനാൽ, ബെയ്റ്റ് സ്റ്റേഷനുകളിലേക്ക് അവയെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണിതെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഏഷ്യൻ കടന്നൽ യൂറോപ്പിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ ജീവിവർഗമാണ് (ഇൻവസീവ് സ്പീസിയസ് ). തേനീച്ചകൾ ഉൾപ്പെടെയുള്ള നിരവധി പ്രാണികളെ വേട്ടയാടുന്നതിനാൽ അയർലൻഡിലെ ജൈവവൈവിധ്യത്തിനും പരാഗണപ്രക്രിയയ്ക്കും ഇവ വലിയ ഭീഷണിയാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഒരു ഏഷ്യൻ കടന്നൽക്കൂട് ഒരു സീസണിൽ ഏകദേശം 11 കിലോഗ്രാം പരാഗണപ്രാണികളെ ഭക്ഷണമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം കോർക്കിൽ രണ്ട് ഏഷ്യൻ കടന്നൽക്കൂടുകൾ കണ്ടെത്തി നീക്കം ചെയ്തിരുന്നു. അയർലൻഡിൽ ഈ ഇനത്തിന്റെ ആദ്യ സ്ഥിരീകരിച്ച സാന്നിധ്യം 2021-ൽ ഡബ്ലിനിലായിരുന്നു.നിലവിലെ സാഹചര്യത്തിൽ കൂട് കണ്ടെത്തി നശിപ്പിക്കുന്നതിനാണ് അധികൃതർ മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് ഒക്ടോബർ മാസത്തിലേക്ക് തെരച്ചിൽ നീളുമ്പോൾ, ഇണചേർന്ന രാജ്ഞി മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി ശീതകാലം അതിജീവിച്ചാൽ അയർലൻഡിൽ ഈ അധിനിവേശ ഇനം സ്ഥിരതാമസമാക്കാനുള്ള സാധ്യത വർധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഏഷ്യൻ കടന്നലിനെ കണ്ടതായി സംശയിക്കുന്നവർ സ്വയം പിടികൂടാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കാതെ, ചിത്രം സഹിതം ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു

Get more updates from Pudukad News on Google