യെമനിലെ ഹൂതി ഭീഷണി നേരിടാൻ സൗദി അറേബ്യയിലേക്ക് 25,000 പാകിസ്ഥാൻ സൈനികരെക്കൂടി വിന്യസിക്കാൻ വൻ നീക്കം: മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും റിയാദിലേക്ക് എത്തിക്കും; സൗദി, തുർക്കി, പാകിസ്ഥാൻ രാജ്യങ്ങൾ ഉൾപ്പെടുന്ന തന്ത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പൂർണ്ണമായി പ്രാബല്യത്തിൽ വരുത്താൻ ഭരണത്തലവന്മാരുടെ അടിയന്തര യോഗം റിയാദിൽ ചേരുന്നു

Current: മലയാളം

ഇസ്ലാമാബാദ്: യെമനിലെ ഹൂതി വിമതരില്‍ നിന്നുള്ള സുരക്ഷാ ഭീഷണി രൂക്ഷമായ പശ്ചാത്തലത്തില്‍ സൗദി അറേബ്യയെ സംരക്ഷിക്കാന്‍ 25,000 സൈനികരെക്കൂടി അയക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നു.
നിലവില്‍ 15,000-ത്തിലധികം പാകിസ്ഥാന്‍ സൈനികര്‍ സൗദിയില്‍ നിലയുറപ്പിച്ചിട്ടുള്ളതിന് പുറമെയാണ് കൂടുതല്‍ സേനയെയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ തുടങ്ങിയ അത്യാധുനിക യുദ്ധോപകരണങ്ങളെയും റിയാദിലേക്ക് അയക്കാന്‍ ഇസ്ലാമാബാദ് തയാറെടുക്കുന്നത്.
ഹൂതികള്‍ക്കെതിരെ ശക്തമായ സൈനിക നീക്കത്തിന് സൗദി തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍-സൗദി അറേബ്യ തന്ത്രപ്രധാന പ്രതിരോധ കരാറിന്റെ ഭാഗമായി ഈ വന്‍ സൈനിക വിന്യാസം.
സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താനും നീക്കമുണ്ട്.
ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള അക്രമമായി കണക്കാക്കുന്നതാണ് ഈ കരാര്‍. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ അടിയന്തര യോഗം ഉടന്‍ റിയാദില്‍ ചേരും.
സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തിന് ശേഷം കൂട്ടായ്മ പൂര്‍ണ്ണ തോതില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.




