‘കോൺഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുൻ എസ്എഫ്ഐക്കാരനാണ്’

Current: മലയാളം

കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചുകീറിയ സംഭവത്തിൽ ക്ഷമാപണവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ രംഗത്ത്.
പാർട്ടിക്കാർ പറയുന്നതുപോലെ താൻ പ്രതിഷേധ മാർച്ചിൽ നുഴഞ്ഞുകയറിയതല്ലെന്നും മുൻകാല എസ്എഫ്ഐ പ്രവർത്തകനാണെന്നും അക്ബർ ഷാ സമൂഹമാധ്യത്തിലെ വിഡിയോയിൽ വ്യക്തമാക്കി.
കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോൾ അതിലേക്ക് ചേർന്നതാണെന്നും കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബർ ഷാ പറയുന്നു. സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
‘എല്ലാവർക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാൻ അക്ബർ ഷാ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ന്യൂസിലുമെല്ലാം ഞാനാണ് താരം. ഒന്നും താരമാകണമെന്ന് കരുതി ചെയ്തതല്ല.
ഞാനൊരു മുൻകാല എസ്എഫ്ഐ പ്രവർത്തകനും ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. ഞാൻ എസ്എഫ്ഐക്കാരനല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും ഇപ്പോൾ പാർട്ടിക്കാർ തന്നെ പറയുന്നു. നുഴഞ്ഞുകയറിയതൊന്നുമല്ല. ഞാൻ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.
മൂന്ന് വർഷം മുൻപ് ഗൾഫിൽ പോയി ഇപ്പോൾ അവധിയിൽ വന്നതാണ്. കൊല്ലത്തുവച്ച് പ്രകടനം കണ്ട് കയറിയതാണ്. നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടിട്ടില്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി.
കോടിയേരി സഖാവിന്റെ ഫ്ലക്സാണെന്നല്ല, കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് വിചാരിച്ചാണ് ഞാൻ കീറിയത്. എല്ലാവരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം’ -അക്ബർ ഷാ പറഞ്ഞു.




