‘ആട്ടിന്‍കുട്ടിയെ കൊന്ന് മാംസം ഭക്ഷിച്ചവര്‍ അറിയണം അതിനും ഒരു ഇടയന്‍ ഉണ്ടായിരുന്നുവെന്ന്, നാളെ ഉത്തരം പറയേണ്ടി വരും’; മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ റീലുമായി അടൂർ പ്രകാശ് | Adoor Prakash

Current: മലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ വിമർശനം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്കിൽ സിനിമാ ഡയലോഗ് ഉൾപ്പെടുത്തിയ റീൽ പങ്കുവെച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് (Adoor Prakash). ‘ആട്ടിൻകുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം, അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്; നാളെ ഉത്തരം കൊടുക്കേണ്ടി വരും’ എന്ന സിനിമാ സംഭാഷണമാണ് റീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ആറ്റിങ്ങൽ ഓഫീസിൽ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
മുഖ്യമന്ത്രിക്കെതിരെ നേരത്തെ നടത്തിയ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് പുതിയ റീൽ പുറത്തുവന്നത്. റീലിലെ സംഭാഷണം തന്റെ വിമർശനങ്ങളുമായി ബന്ധപ്പെടുത്തി വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. വീഡിയോയ്ക്ക് താഴെ അനുകൂലവും വിമർശനാത്മകവുമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
സർക്കാരിന്റെ ചില സുപ്രധാന തീരുമാനങ്ങൾ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നെ അറിയിക്കാതെയാണ് എടുത്തതെന്നായിരുന്നു അടൂർ പ്രകാശിന്റെ നേരത്തെയുള്ള വിമർശനം. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം യുഡിഎഫ് യോഗം ഒരു തവണ മാത്രമാണ് ചേർന്നതെന്നും തുടർയോഗങ്ങൾ നടക്കാത്തതിനാൽ പല വിഷയങ്ങളിലും മുന്നണിക്കുള്ളിൽ ചർച്ച നടത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാബിനറ്റ് റാങ്കോടെയുള്ള നിയമനങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമനങ്ങളുടെ കാര്യത്തിൽ തനിക്ക് എതിർപ്പില്ലെന്നും ഇത്തരം തീരുമാനങ്ങൾ യുഡിഎഫിൽ കൂട്ടായ ചർച്ചയിലൂടെ എടുക്കണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുഖ്യമന്ത്രി തന്നെ മുന്നണി യോഗം വിളിക്കാൻ മുൻകൈയെടുക്കേണ്ടതുണ്ടെന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ മറ്റൊരു ആരോപണം. ഇക്കാര്യങ്ങളിൽ തന്റെ അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, യുഡിഎഫിനുള്ളിൽ പ്രശ്നങ്ങളില്ലെന്നും താൻ ആരുടെയും പിന്തുണ തേടിയല്ല പരസ്യമായി പ്രതികരിച്ചതെന്നും അടൂർ പ്രകാശ് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളാണ് നടത്തിയതെന്നും വിഷയങ്ങൾ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Summary:
UDF convener Adoor Prakash has shared a Facebook reel featuring a film dialogue shortly after his public criticism of Chief Minister V.D. Satheesan. The post comes amid his stated concerns over consultation within the UDF and the functioning of the coalition government.




