പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട് | Mad Sandhu

Current: മലയാളം

അമൃത്സർ: പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു (Mad Sandhu). മധുസൂദൻ എന്നാണ് മാഡ് സന്ധുവിന്റെ യഥാർഥ പേര്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വെടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് സന്ധുവിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പഞ്ചാബിലെയും മുംബൈയിലെയും ചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചാണ് മാഡ് സന്ധു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
തുടർന്ന് സോഷ്യൽ മീഡിയയിലും സന്ധു സജീവമായി. ആഡംബര വസ്ത്രധാരണം, ജീവിതശൈലി, പോപ്പ് സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ഉള്ളടക്കങ്ങളും അഭിപ്രായങ്ങളും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും പങ്കുവെച്ചിരുന്നു. LGBTQ+ വിഭാഗത്തോടുള്ള സ്വീകാര്യതയെക്കുറിച്ചുള്ള തുറന്ന നിലപാടുകളും സോഷ്യൽ മീഡിയയിൽ സന്ധുവിനെ ശ്രദ്ധേയനാക്കിയിരുന്നു.
വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
Story Summary:
Social media influencer and makeup artist Mad Sandhu was reportedly shot dead in Punjab. Two unidentified assailants allegedly arrived on a motorcycle and opened fire on him on Saturday evening.




