Skip to content
November 21, 2026
⌕

മുടിവെട്ടുന്നതിനിടെ കളിച്ചു; 82 വിദ്യാർഥികളുടെ തലയിലെ പാതി മുടി മാത്രം വെട്ടി, മഹാരാഷ്ട്ര ആശ്രമ സ്കൂളിൽ പ്രതിഷേധം | Maharashtra ashram school half bald punishment

October 5, 2026
Share this post to
Maharashtra ashram school half bald punishment

ചന്ദ്രപൂർ: മുടിവെട്ടുന്നതിനിടെ കളിച്ചെന്നാരോപിച്ച് 82 വിദ്യാർഥികൾക്ക് ‘പാതി മൊട്ട’ ശിക്ഷ നൽകിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം. ചന്ദ്രപൂർ ജില്ലയിലെ ജാംഭുൾഘട്ട് സർക്കാർ ആശ്രമ സ്കൂളിലാണ് സംഭവം (Maharashtra ashram school half bald punishment). വിദ്യാർഥികളുടെ തലയുടെ ഒരു ഭാഗത്തെ മാത്രം മുടി വെട്ടിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ശനിയാഴ്ച സ്കൂളിൽ വിദ്യാർഥികൾക്ക് മുടിവെട്ടുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇതിനിടെ ചില വിദ്യാർഥികൾ കളിച്ചതിനെ തുടർന്ന് സ്കൂൾ സൂപ്രണ്ടിന് ദേഷ്യം വന്നെന്നും, തുടർന്ന് ബാർബറോട് അവരുടെ മുടിയുടെ ഒരു ഭാഗം മാത്രം വെട്ടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്. ട്രിമ്മർ ഉപയോഗിച്ച് മുടിയുടെ ഭാഗങ്ങൾ നീക്കം ചെയ്തതോടെ വിദ്യാർഥികൾക്ക് അസമമായ ‘പാതി മൊട്ട’ രൂപമായി.

വിദ്യാർഥികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് ഉയർന്നതല ഉദ്യോഗസ്ഥർ സ്കൂളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മുടി ഒരേ രീതിയിൽ വെട്ടാൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മുടിവെട്ടൽ ഞായറാഴ്ച പുലർച്ചെ നാല് മണിവരെ നീണ്ടതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ സ്കൂൾ സൂപ്രണ്ട് പ്രശാന്ത് മേശ്രം നടപടിയെ ന്യായീകരിച്ചതായാണ് റിപ്പോർട്ട്. മഴക്കാലത്തെ സാഹചര്യം കാരണം വിദ്യാർഥികൾക്ക് കുറച്ചുകാലമായി കൃത്യമായി മുടിവെട്ടാൻ കഴിഞ്ഞിരുന്നില്ലെന്നും ചിലർ മുടിയുടെ ശുചിത്വം പാലിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ താൽപ്പര്യം മുൻനിർത്തിയാണ് നടപടിയെടുത്തതെന്നും തെറ്റായ ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രശാന്ത് ഗിരി സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദമായതും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സംഭവം കാരണം കാണിക്കൽ നോട്ടീസിൽ മാത്രം ഒതുക്കരുതെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Around 82 students at a government-run ashram school in Maharashtra’s Chandrapur district were allegedly given half-shaved haircuts as punishment for playing during a haircut session. The incident triggered anger among parents after photographs of the students surfaced, prompting the school principal to issue a show-cause notice to the superintendent.

Get more updates from Pudukad News on Google