ദുരൂഹ മരണങ്ങളും മാണിക്യവള്ളിയും; നിഗൂഢത നിറച്ച് ‘വള്ളി’യുടെ ഒഫീഷ്യൽ ട്രെയിലർ എത്തി | Valli Malayalam movie
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ത്രില്ലർ അനുഭവം സമ്മാനിക്കാനൊരുങ്ങി ‘വള്ളി’ (Valli Malayalam movie). ഷബീർ ബി.എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. വിശ്വാസം, പുരാണസൂചനകൾ, ദുരൂഹ മരണങ്ങൾ, കുറ്റാന്വേഷണം എന്നിവ സമന്വയിപ്പിക്കുന്ന ഡിവൈൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഥയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു പശ്ചാത്തലമാണ് ചിത്രത്തിന്റേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഒരു രാജാവും അദ്ദേഹം ആരാധിക്കുന്ന ദേവിയും തമ്മിലുള്ള പുരാതന ഐതിഹ്യകഥയോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഈ പഴയകാല കഥയും പിന്നീട് അരങ്ങേറുന്ന സംഭവങ്ങളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ പ്രധാന കൗതുകങ്ങളിലൊന്ന്. വർഷങ്ങൾക്ക് മുമ്പ് നടന്ന ‘മാണിക്യവള്ളി കേസ്’ വീണ്ടും ചർച്ചയാകുന്നതും അതിനുപിന്നാലെ തുടർച്ചയായി ഉണ്ടാകുന്ന ദുരൂഹ മരണങ്ങളുമാണ് കഥയുടെ കേന്ദ്രബിന്ദുവെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
സംഭവങ്ങൾ തമ്മിലുള്ള അദൃശ്യമായ ബന്ധം കണ്ടെത്താനുള്ള അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കുറ്റാന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ ദൈവിക വിശ്വാസങ്ങളുമായി കഥാപാത്രങ്ങൾ ഏറ്റുമുട്ടുന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.
പോലീസ് ഉദ്യോഗസ്ഥയായ മീനാക്ഷിയുടെ വേഷത്തിലാണ് അശ്വതി എസ്. നായർ എത്തുന്നത്. പത്മരാജ് രതീഷ്, ഷോബി തിലകൻ, ബിനോജ് കുളത്തൂർ, ജയറാം, ബെന്നി ജോൺ, പ്രസാദ് മുഹമ്മ, അരുൺ സോൾ, കുമാർ സേതു, ഭദ്ര വെങ്കിടേശ്വരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“ഈ കേസിന്റെ വിധി എഴുതുന്നത് എന്റെ അമ്മയാ, മാണിക്യ വള്ളിയമ്മ” എന്ന ട്രെയിലറിലെ സംഭാഷണവും ശ്രദ്ധേയമാണ്. കഥയിൽ മാണിക്യ വള്ളിയമ്മയ്ക്കുള്ള നിർണായക സ്ഥാനത്തിലേക്കാണ് ഈ സംഭാഷണം വിരൽചൂണ്ടുന്നത്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നിർമ്മാതാവ് രജിത് എസ് തന്നെയാണ്. സംവിധായകൻ ഷബീർ ബി.എൻ തിരക്കഥയും ഒരുക്കിയിരിക്കുന്നു. പ്രദീപ് നാരായണനാണ് ലൈൻ പ്രൊഡ്യൂസർ. രഞ്ജിത്ത് മുരളി ഛായാഗ്രഹണവും പ്രസോഭ് ശേഖരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ടോണി വിൽസണാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
രാജേഷ്, ട്വിങ്കിൾ, രതീഷ് ചന്ദ്രൻ ചെപ്പാട് എന്നിവർ ഗാനങ്ങൾക്ക് വരികൾ എഴുതുന്നു. വിഷ്ണു വി. നായർ സൗണ്ട് ഡിസൈനും വിനുവാണ് രാമകൃഷ്ണൻ വി.എഫ്.എക്സ് വിഭാഗവും കൈകാര്യം ചെയ്യുന്നത്. സ്പോട്ടഡ് കളേഴ്സാണ് കളറിംഗ് നിർവഹിക്കുന്നത്. മുത്തു കലാസംവിധാനവും മുരളി മലയാളം വസ്ത്രാലങ്കാരവും രതീഷ് മേക്കപ്പും നിർവഹിക്കുന്നു. ഭാരത് ബിനുവാണ് പോസ്റ്റർ ഡിസൈൻ ഒരുക്കിയത്.
ട്രെയിലർ മുന്നോട്ടുവയ്ക്കുന്ന നിഗൂഢതകളും പുരാണബന്ധങ്ങളും ദുരൂഹ മരണങ്ങളുടെ പിന്നിലെ രഹസ്യവും ‘വള്ളി’യെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
Story Summary:
The official trailer of Malayalam mystery thriller ‘Valli’, directed by Shabeer B.N., has been released. Blending faith, mythology, mysterious deaths and investigation, the film revolves around the mysterious Manikyavalli case and a police officer trying to uncover its hidden connections.




