Skip to content
November 19, 2026
⌕

ഫ്രാൻസിൽ വിദ്യാർഥി പ്രതിഷേധം ശക്തം; ലിയോണിലും സ്ട്രാസ്ബർഗിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി | France Student Protests

October 6, 2026
Share this post to
France Student Protests

പാരിസ്: സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ കുറവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിൽ വിദ്യാർഥികളും അധ്യാപകരും ട്രേഡ് യൂണിയനുകളും നടത്തുന്ന പ്രതിഷേധം ശക്തമായി. രാജ്യവ്യാപക പ്രതിഷേധത്തിന്റെ പ്രധാന ദിവസമായ ചൊവ്വാഴ്ച ലിയോണിലും സ്ട്രാസ്ബർഗിലും പ്രതിഷേധക്കാരും കലാപനിയന്ത്രണ പൊലീസും തമ്മിൽ ഏറ്റുമുട്ടി. ചിലയിടങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. (France Student Protests)

ലിയോണിൽ തിരക്കേറിയ റോഡ് ജംഗ്ഷന് സമീപം പ്രതിഷേധത്തിനിടെ തീ പടർന്നതിനെ തുടർന്ന് കറുത്ത പുക ഉയർന്നു. സ്ട്രാസ്ബർഗിലും പൊലീസ്-പ്രതിഷേധക്കാർ തമ്മിൽ സംഘർഷമുണ്ടായി. ചില പ്രതിഷേധക്കാർ മുഖം കറുത്ത തുണിയോ മാസ്കോ ഉപയോഗിച്ച് മറച്ചിരുന്നതായും റോയിട്ടേഴ്സ് ദൃശ്യങ്ങളിൽ കാണാം. സംഘർഷത്തിൽ കൃത്യമായി ആരൊക്കെയാണ് ഉൾപ്പെട്ടതെന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ടാഴ്ചയായി ഫ്രാൻസിൽ തുടരുന്ന പ്രതിഷേധങ്ങൾ പാരിസിന്റെ പിന്നാക്ക നഗരപ്രദേശങ്ങളിൽ നിന്നാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ചില ദിവസങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ശക്തമായ സന്നാഹം വിന്യസിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിയമാനുസൃതമായ വിദ്യാർഥി പ്രതിഷേധങ്ങളിൽ അക്രമം ലക്ഷ്യമിടുന്ന അനാർക്കിസ്റ്റ് സംഘങ്ങൾ നുഴഞ്ഞുകയറുന്നുവെന്നാണ് അധികൃതരുടെ ആരോപണം.

ജീവനക്കാരുടെ കുറവ്, പഴകിയ സ്കൂൾ കെട്ടിടങ്ങൾ, ആവശ്യത്തിന് ധനസഹായമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രധാന പരാതികൾ. വിദ്യാഭ്യാസ മന്ത്രി എഡ്വാർഡ് ഗെഫ്രെ വിദ്യാർഥികളോട് തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സർക്കാരിനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 23 വരെ ഓൺലൈൻ അഭിപ്രായ ശേഖരണവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. 1990കളിലാണ് ഇതിന് സമാനമായ വലിയ രാജ്യവ്യാപക ഹൈസ്കൂൾ പ്രതിഷേധം ഫ്രാൻസിൽ നടന്നത്. സർവകലാശാല പ്രവേശനത്തിന് വഴിയൊരുക്കുന്ന ബാക്കലോറിയ പരീക്ഷയിലേക്ക് കൂടുതൽ വിദ്യാർഥികൾ എത്തിയപ്പോഴും അതിനനുസരിച്ചുള്ള അധിക വിഭവങ്ങൾ സ്കൂളുകൾക്ക് ലഭിക്കാത്തതാണ് അന്നത്തെ പ്രതിഷേധത്തിന് കാരണമായത്. പിന്നീട് ഫണ്ടിങ് വർധിപ്പിച്ചെങ്കിലും ഓരോ വിദ്യാർഥിക്കുമുള്ള ചെലവ് പിന്നീട് വലിയ തോതിൽ ഉയർന്നില്ലെന്നാണ് വിദ്യാഭ്യാസ ഗവേഷകരുടെ വിലയിരുത്തൽ.

അതേസമയം, പ്രതിഷേധം ഫ്രാൻസിന്റെ സാമ്പത്തിക പ്രതിസന്ധിയിലും കൂടുതൽ സമ്മർദം സൃഷ്ടിക്കുകയാണ്. ഉയർന്ന പൊതുകടവും ബജറ്റ് കമ്മിയും രാഷ്ട്രീയ അനിശ്ചിതത്വവും കാരണം ഫ്രാൻസിന്റെ കടമെടുക്കൽ ചെലവ് അടുത്തിടെ കുത്തനെ ഉയർന്നു. 10 വർഷത്തെ ഫ്രഞ്ച് സർക്കാർ ബോണ്ടുകളുടെ പലിശനിരക്ക് കഴിഞ്ഞ ആഴ്ച 5 ശതമാനത്തിന് മുകളിലെത്തി 24 വർഷത്തെ ഉയർന്ന നിലയിലെത്തിയിരുന്നു. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യവും സാമ്പത്തിക വിപണികളിലെ ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്.

Summary: France witnessed nationwide student protests over underfunded and understaffed schools, with clashes reported between protesters and riot police in Lyon and Strasbourg. The unrest comes as the French government faces mounting pressure over its budget deficit, public debt and rising borrowing costs.

Get more updates from Pudukad News on Google