Skip to content
November 19, 2026
⌕

ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ ഏകോപനം ശക്തമാക്കാൻ പുതിയ അതോറിറ്റി; ITLA രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം | Union Cabinet ITLA approval

October 6, 2026
Share this post to
ITLA

ന്യൂഡൽഹി: ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ ആസൂത്രണവും ഏകോപനവും ശക്തമാക്കുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി (ITLA) രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി ITLA സ്ഥാപിക്കാൻ തീരുമാനിച്ചത്. (Union Cabinet ITLA approval)

റോഡ്, റെയിൽ, തുറമുഖം-കപ്പൽഗതാഗതം, വ്യോമയാനം, ഉൾനാടൻ ജലഗതാഗതം, തീരദേശ ഷിപ്പിങ്, നഗര ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വിവിധ മന്ത്രാലയങ്ങളും ഏജൻസികളും വേർതിരിഞ്ഞ് നടത്തുന്ന ആസൂത്രണവും നടപ്പാക്കലും ഏകോപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ മൾട്ടി-മോഡൽ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ സുസ്ഥിരമാക്കാനും സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് ആസൂത്രണം, ഗവേഷണം, പദ്ധതികളുടെ സാങ്കേതിക വിലയിരുത്തൽ, നിരീക്ഷണം, നയപിന്തുണ, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ പരമോന്നത സ്ഥാപനമായി ITLA പ്രവർത്തിക്കും. പത്ത് വർഷമോ അതിലധികമോ കാലയളവ് പരിഗണിച്ചുള്ള ദേശീയ ഗതാഗത മാസ്റ്റർ പ്ലാനും അതോറിറ്റി തയ്യാറാക്കും. വിവിധ ഗതാഗത മന്ത്രാലയങ്ങളുടെ അഞ്ച് വർഷത്തെ മേഖലാ പദ്ധതികളും വാർഷിക പദ്ധതികളും ഈ മാസ്റ്റർ പ്ലാനുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും ITLA വിലയിരുത്തും.

500 കോടി രൂപയോ അതിലധികമോ ചെലവുള്ള കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സാങ്കേതിക വിലയിരുത്തലും ITLA നടത്തും. സാമ്പത്തിക വിലയിരുത്തൽ നിലവിലുള്ള സംവിധാനത്തിലൂടെ തന്നെ തുടരും. 500 കോടി രൂപയ്ക്ക് മുകളിലുള്ള ഗതാഗത-അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കുകയും വിവിധ ഏജൻസികൾക്കിടയിലെ പ്രശ്നപരിഹാരത്തിന് ഏകോപിത സംവിധാനം ഒരുക്കുകയും പദ്ധതി പൂർത്തിയായ ശേഷമുള്ള ആഘാത വിലയിരുത്തൽ നടത്തുകയും ചെയ്യും. ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ ഏകീകൃത ഡാറ്റാ ശേഖരണ സംവിധാനവും ITLA ഒരുക്കും. GSTN ഇ-വേ ബിൽ, FASTag, Vahan, GPS അധിഷ്ഠിത സംവിധാനങ്ങൾ, നഗര ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ വിവിധ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് ഫ്രെയ്റ്റ് ഫ്ലോ, ഒറിജിൻ-ഡെസ്റ്റിനേഷൻ (O-D) അനലിറ്റിക്സ് ഉൾപ്പെടെയുള്ള ഡാറ്റാ വിശകലനം നടത്തും. ദേശീയ ലോജിസ്റ്റിക്സ് നയം 2022ന്റെ അവലോകനത്തിനും പുതുക്കലിനും സഹായം നൽകുന്നതിനൊപ്പം മേഖലയിൽ ഗവേഷണം, നൂതനാശയങ്ങൾ, പരിശീലനം, നൈപുണ്യ വികസനം എന്നിവയും ITLA പ്രോത്സാഹിപ്പിക്കും.

ഇന്ത്യയുടെ വിഷൻ 2047 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ITLA നിർണായക പങ്കുവഹിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മൾട്ടി-മോഡൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുക, ആഗോള ലോജിസ്റ്റിക്സ് രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

Summary: The Union Cabinet has approved the creation of the Integrated Transport & Logistics Authority (ITLA) as a Special Purpose Vehicle to improve coordination and planning across India’s transport and logistics sectors. ITLA will prepare a long-term National Transport Master Plan, technically appraise projects worth ₹500 crore or more, monitor major infrastructure projects and build an integrated transport data repository.

Get more updates from Pudukad News on Google