Skip to content
November 19, 2026
⌕

ജസ്റ്റിസ് മന്ത്രിയും സമ്മതിച്ചു: അഞ്ച് വര്‍ഷ കാലാവധി നീട്ടുന്നതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവു നല്‍കിയേക്കും

October 7, 2026
Share this post to

ഡബ്ലിന്‍: പൗരത്വദാന ഭേദഗതി ബില്ലിലെ അഞ്ച് വര്‍ഷ കാവാവധി നീട്ടുന്നത് മൂലം ബുദ്ധിമുട്ടിലാകുമെന്ന ആശങ്കപ്പെട്ടവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍. പദ്ധതി കൂടുതല്‍ ഉദാരമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. ഹാലോവീന്‍ ആഘോഷത്തിന് മുന്നോടിയായി പടക്കങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവിലെ അഞ്ച് വര്‍ഷത്തെ റസിഡന്‍സി നിയമപ്രകാരം പൗരത്വത്തിന് അര്‍ഹത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിര്‍ദ്ദിഷ്ട പൗരത്വ പരിഷ്‌കാരം കഷ്ടത്തിലാക്കുമെന്ന വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.പൗരത്വം നേടുന്നതിന് തൊട്ടടുത്തെത്തിയവരും നിയമങ്ങളിലെ മാറ്റങ്ങള്‍ മൂലം കുഴപ്പത്തിലായവരുമായ ആളുകളെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുമായിരുന്നത്.

പൗരത്വ അപേക്ഷാ നടപടികള്‍ അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള മന്ത്രി കല്ലഗന്റെ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാസമാണ് മന്ത്രിസഭ അംഗീകരിച്ചത്.റസിഡന്‍സി കാലാവധി അഞ്ചില്‍ നിന്നും എട്ട് വര്‍ഷമാക്കുന്നതിനൊപ്പം പൗരബോധം, ഭാഷാ പരീക്ഷകള്‍ എന്നിവയും ആളുകള്‍ ഭരണകൂടത്തിന് ബാധ്യതയായി മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുറഞ്ഞ വരുമാന പരിധി നിശ്ചയിക്കാനും വ്യവസ്ഥകളുണ്ടായിരുന്നു.

ഇതില്‍ റസിഡന്‍സി കാലാവധി അഞ്ചില്‍ നിന്ന് എട്ട് വര്‍ഷമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശമാണ് വലിയ വിമര്‍ശനത്തിന് വഴിവെച്ചത്.ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കിയാല്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയുമായി ഒട്ടേറെപ്പേര്‍ രംഗത്തുവന്നു.

കഴിഞ്ഞയാഴ്ച ഡെയ്ലിലും ഈ വിഷയം ഗൗരവതരമായ ചര്‍ച്ചയായി.റസിഡന്‍സി നിബന്ധനകളില്‍ മാറ്റം വരുത്തരുതെന്നും കുറഞ്ഞപക്ഷം, നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നവര്‍ക്ക് ട്രാന്‍സിഷണല്‍ പീരിയഡ് അനുവദിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.ഇതിനകം അയര്‍ലണ്ടില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പദ്ധതി ഉദാരമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ നോക്കുമ്പോള്‍ പൗരത്വത്തിന് പരിഗണിക്കാവുന്ന കാലയളവ് ഒമ്പതോ പത്തോ വര്‍ഷം വരെയാകാം.ഇറ്റലി, ലിത്വാനിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ നിലവാരമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ രീതിയുമായി ഒത്തുപോകുന്ന തരത്തിലാണ് മാറ്റങ്ങള്‍ ഇവിടെയും കൊണ്ടുവരുന്നത്.

അയര്‍ലണ്ടിനോട് ആത്മാര്‍ത്ഥമായ പ്രതിബദ്ധതയുള്ളവരാണെങ്കില്‍ പൗരത്വത്തിനായി അഞ്ച് വര്‍ഷം താമസിച്ചിട്ടുണ്ടെങ്കിലോ നാല് വര്‍ഷവും 11 മാസവും പൂര്‍ത്തിയാക്കിയെങ്കിലോ തുടര്‍ന്നും എട്ട് വര്‍ഷം വരെ താമസിക്കാന്‍ തയ്യാറാകും.അത്രയും പ്രതിബദ്ധതയുള്ള ആളുകള്‍ ഇവിടെയുണ്ടാകുന്നത് വളരെ ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഹാലോവീന്‍ സമയത്ത് പടക്കങ്ങള്‍ ആളുകളില്‍ ഗുരുതരമായ ആഘാതമുണ്ടാക്കുമെന്നും, കാഴ്ചശക്തി നഷ്ടപ്പെടുകയോ കഠിനമായ പൊള്ളലേല്‍ക്കുകയോ പോലുള്ള ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകും. വളര്‍ത്തുമൃഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പടക്കങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി

Get more updates from Pudukad News on Google