Skip to content
November 19, 2026
⌕

ആയിരം യൂറോ ഗ്യാരണ്ടി, ബജറ്റില്‍ ജീവിതച്ചിലവ് കുറയും… മാതാപിതാക്കള്‍ക്ക് ആശ്വാസമാകും

October 7, 2026
Share this post to

ഡബ്ലിന്‍: ജീവിതച്ചെലവിന്റെയും ഊര്‍ജവിലയുടെയും സമ്മര്‍ദത്തിനിടെ ആശ്വാസ നടപടികളുമായി അയര്‍ലണ്ടിന്റെ ബജറ്റ്. നേരത്തേ പ്രതീക്ഷിച്ചതിനെക്കാള്‍ 15 കോടി യൂറോ അധികം ഉള്‍പ്പെടുത്തി, ആകെ 165 കോടി യൂറോയുടെ നികുതിമാറ്റങ്ങളാണ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമണ്‍ ഹാരിസ് പ്രഖ്യാപിക്കാനിരിക്കുന്നത്. ഊര്‍ജച്ചെലവ് കുറയ്ക്കാനുള്ള അധിക നടപടികളാണ് നികുതിപ്പാക്കേജിന്റെ വലുപ്പം കൂട്ടിയത്.

ശമ്പളക്കാരുടെ കൈകളില്‍ കൂടുതല്‍ പണം ശേഷിപ്പിക്കുന്ന വിധത്തില്‍ ആദായനികുതിയുടെ പരിധിയും നികുതിയിളവുകളും ഉയര്‍ത്തും. 40 ശതമാനം ആദായനികുതി ബാധകമാകുന്ന നിലവിലുള്ള വാര്‍ഷിക വരുമാനപരിധി 2,500 യൂറോ വര്‍ധിപ്പിച്ച് 46,500 യൂറോയാക്കും. ഇതോടെ ഈ പരിധിവരെയുള്ള വരുമാനത്തിന് കുറഞ്ഞ നിരക്കായ 20 ശതമാനം നികുതി മതിയാകും. 46,500 യൂറോ വരെയുള്ള വരുമാനത്തിന് 20% ടാക്‌സ്.!

പേഴ്സണല്‍ നികുതിയിളവ്, ജീവനക്കാരുടെ നികുതിയിളവ്, സ്വയംതൊഴില്‍ വരുമാനത്തിനുള്ള നികുതിയിളവ് എന്നിവയില്‍ ഓരോന്നും 125 യൂറോ വീതം വര്‍ധിപ്പിച്ച് 2,125 യൂറോയാക്കും. അര്‍ഹതയ്ക്കനുസരിച്ച് ലഭിക്കുന്ന ഈ ഇളവുകളും ഒരാളുടെ നികുതിബാധ്യത കുറയ്ക്കും.

നികുതിമാറ്റങ്ങള്‍ മാത്രം , എല്ലാ ഇനങ്ങളും ചേര്‍ത്താല്‍ , വര്‍ഷത്തില്‍ 50,000 യൂറോ വരുമാനമുള്ള ഒറ്റയാള്‍ക്ക് ഏകദേശം 750 യൂറോയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സംയുക്ത വാര്‍ഷിക വരുമാനം ഒരു ലക്ഷം യൂറോയുള്ള ദമ്പതികള്‍ക്ക് ഏകദേശം 1,500 യൂറോയുടെ നേട്ടവും പ്രതീക്ഷിക്കുന്നു.

മറ്റാനുകൂല്യങ്ങള്‍ എല്ലാം ചേര്‍ന്ന് ഓരോ പൗരനും കുറഞ്ഞത് ആയിരം യൂറോ എങ്കിലും അധിക വരുമാനം ഇന്നത്തെ ബജറ്റില്‍ ഉണ്ടാവുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.

മിനിമം വേതനം €14.94ലേക്ക്

മിനിമം വേതനം മണിക്കൂറിന് 79 സെന്റ് വര്‍ധിപ്പിച്ച് 14.94 യൂറോയാക്കാനുള്ള കുറഞ്ഞ വേതന കമ്മിഷന്റെ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിക്കും. ഇതിനൊപ്പം രണ്ടു ശതമാനം യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് ബാധകമാകുന്ന വരുമാനപരിധിയും ഉയര്‍ത്തും. വേതനവര്‍ധനയിലൂടെ ലഭിക്കുന്ന നേട്ടം അധിക ചാര്‍ജിലൂടെ കുറയാതിരിക്കാനാണ് നടപടി.

സാമൂഹികക്ഷേമ ആനുകൂല്യങ്ങളുടെ പ്രതിവാര നിരക്കില്‍ 10 യൂറോയുടെ വര്‍ധനയും ബജറ്റിലുണ്ടാകും. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷേമ ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും.

ഹോം ഹീറ്റിങ് ചെലവ് കുറയ്ക്കും

വീടുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയ്ക്കും വാതകത്തിനുമുള്ള കാര്‍ബണ്‍ നികുതി കുറയ്ക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നിലവിലെ ടണ്ണിന് 63.50 യൂറോയില്‍നിന്ന് 48 യൂറോയിലേക്ക് നിരക്ക് താഴ്ത്തുമെന്നാണ് പ്രതീക്ഷ. തണുപ്പുകാലം അടുത്തെത്തുന്നതിനിടെ കുടുംബങ്ങളുടെ ഊര്‍ജച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

ഊര്‍ജച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ ഒഴിവാക്കിയാല്‍ നികുതിപ്പാക്കേജ് നേരത്തേ നിശ്ചയിച്ച 150 കോടി യൂറോയുടെ പരിധിക്കുള്ളില്‍ തന്നെ ഒതുങ്ങുമായിരുന്നു എന്നാണ് വിവരം.

സിഗരറ്റിനും വേപ്പിനും നികുതി കൂടും

ഇളവുകള്‍ക്കൊപ്പം സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള നടപടികളും ബജറ്റിലുണ്ടാകും. ബാങ്കുകള്‍ക്കുള്ള പ്രത്യേക ലെവി ഒരു വര്‍ഷം കൂടി തുടരും. ഇതിലൂടെ 20 കോടി യൂറോ സമാഹരിക്കാനാണ് ലക്ഷ്യം. സിഗരറ്റിനും വേപ്പിനുമുള്ള നികുതിയും വര്‍ധിപ്പിക്കും.

പുതിയ ചെലവുനടപടികള്‍ക്കായി നിശ്ചയിച്ച 700 കോടി യൂറോയുടെ പരിധിയില്‍ മാറ്റമുണ്ടാകില്ല. ആറു ശതമാനം വര്‍ധന ഉള്‍ക്കൊള്ളുന്ന ഈ പരിധി, മന്ത്രിസഭാംഗങ്ങളും പൊതുചെലവു മന്ത്രി ജാക്ക് ചേംബേഴ്‌സും തമ്മിലുള്ള കടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലനിര്‍ത്തിയത്.

എന്നാല്‍ പ്രഖ്യാപിച്ച ചെലവുപരിധിയില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമോയെന്നത് നിര്‍ണായകമാണ്. 2026 ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളില്‍ അധിക ചെലവിനെത്തുടര്‍ന്ന് നിശ്ചയിച്ച പരിധി മറികടന്നിരുന്നു.

രക്ഷിതാക്കള്‍ക്ക് വര്‍ഷത്തില്‍ 1,000 യൂറോയെങ്കിലും ലാഭിക്കാന്‍ പദ്ധതി

ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ചൈല്‍ഡ് കെയര്‍ പായ്ക്കേജ് മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമാകും.ഫുള്‍ ടൈം ചൈല്‍ഡ് കെയറിലുള്ള ഒരു കുട്ടിയുള്ള രക്ഷിതാക്കള്‍ക്ക് വര്‍ഷത്തില്‍ 1,000 യൂറോയെങ്കിലും ലാഭിക്കാന്‍ പദ്ധതി സഹായിക്കും.

ചൈല്‍ഡ് കെയര്‍ ഫീസിനത്തില്‍ രക്ഷിതാക്കള്‍ ഏറ്റവുമധികം പണം നല്‍കേണ്ടി വരുന്നത് ഏഴ് വയസ്സിന് താഴെയുള്ള കാലത്താണ്. അതിനാല്‍ ഈ പ്രായപരിധിയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പാക്കേജും. നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്‌കീമിലെ വര്‍ദ്ധനവ് ഏര്‍ളി ഇയേഴ്സ് എഡ്യുക്കേഷന്‍ കുട്ടികള്‍ക്കും ജൂനിയര്‍, സീനിയര്‍ ഇന്‍ഫന്‍സിനും പ്രയോജനപ്പെടും.

ഏഴ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുറമെ, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ഫീസും വെട്ടിക്കുറയ്ക്കും. പാക്കേജിന്റെ ഭാഗമായി ചൈല്‍ഡ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേതന വര്‍ദ്ധനവിനുള്ള ധനസഹായവും പരിഗണിക്കുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്നും നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ഈടാക്കുന്നല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചൈല്‍ഡ് കെയറിന് പുറമെ, 500 യൂറോ ഡിസ്സബിലിറ്റി ലംപ്സം പേയ്‌മെന്റ്, സ്റ്റേറ്റ് പെന്‍ഷനിലും പ്രധാന ക്ഷേമ പേയ്‌മെന്റുകളിലും 10 യൂറോ വര്‍ദ്ധനവ് എന്നിവയും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.ഭവനനിര്‍മ്മാണവും നികുതിയും സംബന്ധിച്ച സബ്മിഷനുകള്‍ ധനകാര്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്.ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ചില ടിങ്കറിംഗ് നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ഇത് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി സൈമണ്‍ ഹാരിസ് ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഈയാവശ്യത്തില്‍ ചില ടി ഡിമാര്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

Get more updates from Pudukad News on Google