കല്ലമ്പലത്ത് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച നിലയിൽ. മരിച്ചത് രണ്ടുദിവസം മുമ്പ് കാണാതായ കിളിമാനൂർ സ്വദേശി ആഷിക്
തിരുവനന്തപുരം: കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി കല്ലമ്പലത്ത് ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്തെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കിടന്ന സ്വിഫ്റ്റ് കാറിലാണ് ആഷിക്കിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ വെച്ച് കത്തിച്ച നിലയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാറിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




