യുകെയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്. പിന്നിൽ പുതിയ വകഭേദമായ ‘സ്ട്രേറ്റസ്’. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയരുന്നു. ലണ്ടനിൽ 79% വർദ്ധനവ്. 85 വയസ്സിനു മുകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഏജൻസി. പ്രതിരോധശേഷിയെ മറികടക്കാൻ ശേഷിയെന്നും കണ്ടെത്തൽ
ലണ്ടൻ: യുകെയിൽ കോവിഡ്-19 കേസുകളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. പുതിയ വകഭേദമായ XFG അഥവാ ‘സ്ട്രേറ്റസ്’ (Stratus) ആണ് നിലവിലെ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് യുകെ മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.
രോഗബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളുകളിൽ 50 ശതമാനത്തിലധികവും ഈ പുതിയ XFG വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആശുപത്രികളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നുകഴിഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് തലസ്ഥാനമായ ലണ്ടനിലാണ്. 79 ശതമാനത്തിന്റെ വർദ്ധനവാണ് ഇവിടെ ഉണ്ടായത്.
കൂടാതെ, 85 വയസ്സിന് മുകളിലുള്ള പ്രായമായവരിൽ ആശുപത്രി പ്രവേശന നിരക്ക് കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ രോഗവ്യാപനത്തിൽ വർദ്ധനവുണ്ടെങ്കിലും മൊത്തത്തിലുള്ള അണുബാധ നിരക്ക് നിയന്ത്രണവിധേയമാണെന്നും അനാവശ്യമായ ഭീതിയുടെ ആവശ്യമില്ലെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപിഡെമിയോളജിസ്റ്റായ അലക്സ് അലൻ വ്യക്തമാക്കി.
കാനഡയിലാണ് XFG വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളുടെ സംയോജനത്തിലൂടെയാണ് XFG രൂപപ്പെട്ടിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ താരതമ്യേന എളുപ്പത്തിൽ മറികടക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങളും മുൻകരുതലുകളും:
പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, കടുത്ത പേശിവേദന, ക്ഷീണം, വയറ്റിലെ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ജലദോഷപ്പനിയുടെ സമാന ലക്ഷണങ്ങളാണ് രോഗബാധിതരിൽ പ്രധാനമായും കണ്ടുവരുന്നത്. രോഗം ഗുരുതരമാകാതെ നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകുന്ന ലഘുവായ അണുബാധകളാണ് ഭൂരിഭാഗവും.
കോവിഡ് പൂർണ്ണമായി പിൻവാങ്ങിയിട്ടില്ലാത്തതിനാൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.




