Skip to content
November 19, 2026
⌕

21 വർഷം മാലിന്യം ശേഖരിച്ച് ജീവിച്ചു; ഒടുവിൽ കണ്ടെത്തിയത് 60 ലക്ഷം രൂപയുടെ പെൻഷൻ തുക | Chinese man discovers hidden pension money

October 7, 2026
Share this post to
Chinese man discovers hidden pension money

ബീജിങ്: 21 വർഷത്തോളം മാലിന്യവും പഴയ സാധനങ്ങളും ശേഖരിച്ച് ഉപജീവനം നടത്തിയ 71കാരനായ ചൈനീസ് വയോധികന് ജീവിതത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത നേട്ടം. തനിക്ക് അറിയാതിരുന്ന പെൻഷൻ അക്കൗണ്ടിൽ 4,24,204 യുവാൻ, ഏകദേശം 61 ലക്ഷം രൂപ, ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്. (Chinese man discovers hidden pension money)

ഹുനാൻ പ്രവിശ്യയിലെ ചാങ്ദെയിൽ താമസിക്കുന്ന ‘റു’ എന്ന് പേരുള്ള വയോധികനാണ് ഈ തുക ലഭിച്ചത്. സെപ്റ്റംബർ അവസാനം പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് കാർഡ് ലഭിച്ചതോടെയാണ് അക്കൗണ്ടിലെ വൻ തുകയെക്കുറിച്ച് അദ്ദേഹം അറിയുന്നത്. ഇത്രയും തുക പെൻഷൻ ഇനത്തിൽ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റു പറഞ്ഞതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഏകദേശം 30 വർഷത്തോളം ഹുനാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റുവിന് 2000കളുടെ തുടക്കത്തിലെ തൊഴിൽ പുനഃസംഘടനയ്ക്കിടെ ജോലി നഷ്ടപ്പെട്ടു. പിരിച്ചുവിടൽ ആനുകൂല്യം ലഭിച്ചെങ്കിലും ആ പണം തീർന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്നാണ് ഉപജീവനത്തിനായി പഴയ സാധനങ്ങളും മാലിന്യങ്ങളും ശേഖരിക്കാൻ തുടങ്ങിയത്. പിന്നീട് ചാങ്ദെയിലേക്ക് മാറിയ അദ്ദേഹം വർഷങ്ങളോളം ഈ ജോലിയിലൂടെയാണ് ജീവിച്ചത്.

2024ലെ ശൈത്യകാലത്താണ് സാമൂഹിക ക്ഷേമപ്രവർത്തകരുടെ ശ്രദ്ധ റുവിലേക്ക് എത്തിയത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് അധികൃതർ ആവശ്യമായ സാധനങ്ങൾ നൽകുകയും താൽക്കാലിക താമസസൗകര്യം ഒരുക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് അഭയകേന്ദ്രത്തിലേക്ക് മാറാൻ സമ്മതിച്ച റു തന്റെ മുൻകാല ജോലി സംബന്ധിച്ച വിവരങ്ങളും അധികൃതർക്ക് നൽകി. ഇതോടെയാണ് 2015ൽ വിരമിക്കൽ പ്രായം എത്തിയപ്പോൾ റുവിന് പെൻഷന് അർഹതയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രതിമാസം ഏകദേശം 3,700 യുവാൻ പെൻഷൻ ലഭിക്കേണ്ടിയിരുന്ന റുവിന്റെ അക്കൗണ്ടിൽ ഒരു ദശാബ്ദത്തോളം തുക ലഭിക്കാതെ കെട്ടിക്കിടക്കുകയായിരുന്നു. പ്രത്യേകമായി ദീർഘകാല ഇൻഷുറൻസ് അടയ്ക്കേണ്ടതുണ്ടെന്നാണ് റു കരുതിയിരുന്നത്. എന്നാൽ 30 വർഷത്തെ ജോലിക്കിടെ ശമ്പളത്തിൽനിന്ന് ഇൻഷുറൻസ് വിഹിതം ഇതിനകം പിടിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

ചൈനയിലെ നിയമപ്രകാരം 15 വർഷത്തിലധികം ഇൻഷുറൻസ് വിഹിതം അടച്ചിട്ടുള്ളവർക്ക് വിരമിക്കൽ പ്രായം പൂർത്തിയാകുമ്പോൾ പെൻഷന് അർഹതയുണ്ടാകാം. സാമൂഹിക പ്രവർത്തകൻ ബാങ്ക് കാർഡ് കൈമാറിയപ്പോൾ പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ടെലികോം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും റുവിന് നിർദേശം നൽകി. രണ്ട് പതിറ്റാണ്ടിലേറെ മാലിന്യം ശേഖരിച്ച് ജീവിച്ച വയോധികന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ ഈ പെൻഷൻ തുക വലിയ സാമ്പത്തിക വഴിത്തിരിവായി.

Summary: A 71-year-old Chinese man who spent 21 years collecting scrap has discovered 424,204 yuan, worth around ₹61 lakh, in a pension account he did not know existed. Officials found that he had been eligible for the pension since 2015 because of insurance contributions deducted during his earlier 30-year job at a state-run shop.

Get more updates from Pudukad News on Google