കേരളത്തിൽ ജർമ്മൻ ഒക്ടോബർ ഫെസ്റ്റ് ആഘോഷം; ബവേറിയൻ രുചികളും കേരളീയ തനിമയും ഒരുമിക്കുന്നു | Oktoberfest Kerala
കൊച്ചി: ലോകപ്രശസ്ത ജർമ്മൻ ഉത്സവമായ ‘ഒക്ടോബർ ഫെസ്റ്റ്’ കേരളീയ തനിമയുടെയും ബവേറിയൻ സംസ്കാരത്തിന്റെയും സമന്വയത്തോടെ കേരളത്തിലെത്തിക്കുകയാണ് സന്താരി റിസോർട്ട്സ് (Oktoberfest Kerala). ഒക്ടോബർ 9 മുതൽ 11 വരെ മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ടിലും തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിലുമാണ് സാംസ്കാരിക-ഭക്ഷണോത്സവം സംഘടിപ്പിക്കുന്നത്. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ.
മാരാരിയിൽ ‘ബവേറിയ മീറ്റ്സ് മാരാരി’ എന്ന പ്രമേയത്തിലാണ് പരിപാടി. ജർമ്മൻ പാചകരീതികളെയും കേരളീയ, മലബാർ രുചികളെയും സമന്വയിപ്പിച്ചുള്ള വിവിധ ലൈവ് ഫുഡ് കൗണ്ടറുകളാണ് പ്രധാന ആകർഷണം. ലൈവ് ഗ്രില്ലുകൾ, ബവേറിയൻ-മലബാർ ഹോട് ഡോഗുകൾ, വിവിധ ഫെസ്റ്റിവൽ സ്നാക്കുകൾ എന്നിവയ്ക്കൊപ്പം ബനാന ജാഗരി ബ്രൂലേ, ചുറോസ് തുടങ്ങിയ മധുരവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
തേക്കടിയിൽ ‘ബവേറിയ മീറ്റ്സ് ദി ഹൈറേഞ്ച്’ എന്ന ആശയത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ചിക്കൻ, ഫിഷ്, പ്രോൺസ്, ബ്രാറ്റ്വർസ്റ്റ്, വെജിറ്റേറിയൻ ഗ്രില്ലുകൾ എന്നിവയ്ക്കൊപ്പം നാടൻ രീതിയിലുള്ള പോർക്ക് വിഭവങ്ങളും കേരളീയ ശൈലിയിലുള്ള ഹോട് ഡോഗുകളും ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും ആസ്വദിക്കാം.
ഭക്ഷണവിഭവങ്ങൾക്ക് പുറമേ വിവിധ വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമാകും. മെഹന്തി, പെയിന്റിംഗ്, ഡാർട്ട്സ്, റിംഗ് ഗെയിംസ്, തഴപ്പായ നെയ്ത്ത് തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശിക കലാകാരന്മാരുടെ ലൈവ് സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ജർമ്മനിയിലെ ഒക്ടോബർ ഫെസ്റ്റിന്റെ ആഘോഷാന്തരീക്ഷവും ഊർജവും കേരളത്തിന്റെ തനത് രുചികളോടും ആതിഥേയത്വത്തോടും പ്രകൃതിഭംഗിയോടും ചേർത്തൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സഞ്ചാരികൾക്കും ഭക്ഷണപ്രേമികൾക്കും ഒരേസമയം ജർമ്മൻ-കേരളീയ സംസ്കാരങ്ങളും രുചികളും അനുഭവിക്കാനാകുന്ന വ്യത്യസ്തമായ ആഘോഷമാകും ഇതെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Story Summary:
Santara Resorts is bringing the spirit of Germany’s famous Oktoberfest to Kerala with a blend of Bavarian culture and local flavours. The three-day celebration will be held from October 9 to 11 at Santara Pearl Beach Resort in Mararikulam and Cardamom County by Santara in Thekkady.




