വാഹന മോഡിഫിക്കേഷന് നിബന്ധനകളോടെ അനുമതി; നിറം, എൻജിൻ, ഷാസി, ബോഡി ഘടന എന്നിവയിൽ മാറ്റം അനുവദിക്കും | Kerala Vehicle Modification Rules
തിരുവനന്തപുരം: വാഹനങ്ങളിൽ നിർദ്ദിഷ്ട തരത്തിലുള്ള മോഡിഫിക്കേഷനുകൾക്ക് നിബന്ധനകളോടെ സർക്കാർ അനുമതി നൽകി (Kerala Vehicle Modification Rules). നിറം, എൻജിൻ, ഷാസി, ബോഡി ഘടന എന്നിവയുൾപ്പെടെ ഏഴ് വിഭാഗങ്ങളിലുള്ള മാറ്റങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണർ ജി. സജൻ കുമാർ ഉത്തരവിറക്കി.
വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് ഗതാഗത വകുപ്പിന്റെ അനുമതി നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചായിരിക്കണം മാറ്റങ്ങൾക്ക് അനുമതി നേടേണ്ടത്. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർസി) രേഖപ്പെടുത്തണം.
നിറം മാറ്റുന്നതിനും അനുമതി വേണം
വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മാറ്റിയ നിറം ആർസിയിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ വാഹനം നിരത്തിലിറക്കാൻ പാടുള്ളൂ. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല.
എൻജിൻ മാറ്റത്തിന് കർശന നിബന്ധന
നിലവിൽ വാഹനത്തിൽ ഉപയോഗിക്കുന്ന എൻജിന്റെ അതേ സ്പെസിഫിക്കേഷനിലുള്ള എൻജിൻ മാത്രമേ പകരം സ്ഥാപിക്കാൻ കഴിയൂ. ഒരേ മോഡൽ, ശേഷി, പവർ എന്നിവയുള്ളതും അതേ നിർമാതാവിന്റേതുമായ എൻജിനായിരിക്കണം ഉപയോഗിക്കേണ്ടത്. മറ്റൊരു വാഹനത്തിൽ നിന്ന് അഴിച്ചെടുത്ത എൻജിൻ വാഹനത്തിൽ സ്ഥാപിക്കാൻ അനുമതിയുണ്ടാകില്ല.
ഷാസിയിലും ബോഡിയിലും മാറ്റം വരുത്താം
ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റങ്ങൾ വരുത്തുന്നതിനും മുൻകൂർ അനുമതിയോടെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങൾ ആർസിയിൽ നിർബന്ധമായും രേഖപ്പെടുത്തണം.
ഒരു വിഭാഗം വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു വിഭാഗത്തിൽപ്പെട്ട വാഹനത്തിൽ ഉപയോഗിക്കാനും അനുമതിയുണ്ടാകില്ല.
ഇന്ധന തരവും പ്രൊപ്പൽഷൻ സംവിധാനവും മാറ്റാം
വാഹനത്തിന്റെ ഇന്ധന തരം മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റത്തിൽ പരിഷ്കാരം വരുത്തുന്നതിനും നിബന്ധനകളോടെ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ വാഹനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള മാറ്റങ്ങൾക്കും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് അനുമതി ലഭിക്കും.
വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനായി ഗതാഗത കമ്മീഷണർ വിശദമായ ഉത്തരവ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
Story Summary :
The Kerala government has permitted certain vehicle modifications subject to specific conditions and approval from transport authorities. Changes involving vehicle colour, engine, chassis, body structure, fuel type, propulsion system and accessibility modifications must comply with the Motor Vehicles Act and be recorded in the registration certificate.




