ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം. സ്ത്രീയുടെ അന്തസ്സ് നിശ്ചയിക്കുന്നത് മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിലല്ല. സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. അധ്യാപികയ്ക്ക് സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം. മാനേജരെ അയോഗ്യനാക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി
കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി.
സ്കൂളിൽ ചുരിദാർ ധരിച്ച് എത്തരുതെന്ന കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂൾ മാനേജരുടെ കടുംപിടുത്തത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ സുപ്രധാനമായ വിധി.
ഏതു വസ്ത്രം ധരിക്കണമെന്നത് പൂർണ്ണമായും ഒരു വ്യക്തിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ മറ്റൊരാൾക്കോ സമൂഹത്തിനോ തിട്ടൂരം നൽകാൻ യാതൊരു അവകാശവുമില്ല.
മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ്സും വ്യക്തിത്വവും നിശ്ചയിച്ചിരിക്കുന്നത്. മാന്യമായ രീതിയിൽ ചുരിദാർ ധരിച്ച് ജോലിക്ക് വരുന്നത് ഒരു അധ്യാപികയുടെ പദവിയെയോ കാര്യക്ഷമതയെയോ ഒരു തരത്തിലും കുറച്ചുകാണിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (ഡി.ജി.ഇ) നിലവിലുള്ള സർക്കുലർ പ്രകാരം അധ്യാപകർക്ക് സ്കൂളുകളിൽ മാന്യമായ രീതിയിൽ ചുരിദാർ ധരിക്കാനുള്ള നിയമപരമായ അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്കൂളിൽ വെച്ച് ഹെഡ്മിസ്ട്രസിനെ മാനേജർ ഇനിയും തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര പോലീസിന് കോടതി കർശന നിർദ്ദേശം നൽകി.
കൂടാതെ, സ്കൂൾ മാനേജരെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.




