Skip to content
November 20, 2026
⌕

അധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ വിറ്റു. പുനലൂർ പോളിടെക്നിക് വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ

October 8, 2026
Share this post to

കൊല്ലം: അധ്യാപികമാരുടെയും സഹപാഠികളായ പെൺകുട്ടികളുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തിൽ പോളിടെക്നിക് വിദ്യാർത്ഥിക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 

പുനലൂർ ഗവ. പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥിയായ എസ്. അച്യുതിനെതിരെയാണ് പുനലൂർ പോലീസ് കേസ് എടുത്തത്. സംഭവത്തെത്തുടർന്ന് കോളേജ് മാനേജ്‌മെന്റ് ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.   

ക്യാമ്പസിലെ അധ്യാപികമാരുടെയും സഹപാഠികളായ പെൺകുട്ടികളുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, അവ അശ്ലീല ചിത്രങ്ങളാക്കി മാറ്റി പോൺ സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. 

ചില വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതരും രക്ഷകർത്താക്കളും ചേർന്ന് നടത്തിയ ചർച്ചയിൽ താൻ ചിത്രങ്ങൾ മോർഫ് ചെയ്തതായി വിദ്യാർത്ഥി സമ്മതിച്ചു. തുടർന്ന് കോളേജ് പ്രിൻസിപ്പലും ഇരയായ വിദ്യാർത്ഥിനികളും പോലീസിലും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. 

വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ സസ്പെൻഡ് ചെയ്ത വിവരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിച്ചതായും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Get more updates from Pudukad News on Google