മിസാനോ സർക്യൂട്ടിൽ ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് തുടക്കം; യൂറോപ്പിലും സാന്നിധ്യമുറപ്പിച്ച് ടിവിഎസ് | TVS Racing International Championship 2026
കൊച്ചി: 2026ലെ ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് (TVS Racing International Championship 2026) ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ തുടക്കമായി. ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടന്ന മത്സരങ്ങളോടെയാണ് ടിവിഎസ് റേസിംഗ് ചാമ്പ്യൻഷിപ്പ് യൂറോപ്യൻ മണ്ണിൽ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ ആഗോള റേസിംഗ് യാത്രയിലെ പ്രധാന നാഴികക്കല്ലായാണ് ഈ നീക്കത്തെ ടിവിഎസ് വിലയിരുത്തുന്നത്.
നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള 14 മികച്ച റേസർമാരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ടിവിഎസ് അപ്പാച്ചെ ആർആർ 310 റേസ്-സ്പെക് ബൈക്കുകളിലാണ് മത്സരങ്ങൾ നടന്നത്.
മലേഷ്യ, തായ്ലൻഡ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ അഞ്ച് റൗണ്ടുകളിലായി ചാമ്പ്യൻഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് പിന്നാലെയാണ് ടിവിഎസ് റേസിംഗ് യൂറോപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
നിലവിൽ 90ലധികം അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യമുള്ള ടിവിഎസ് മോട്ടോർ കമ്പനി, ഉൽപ്പന്നങ്ങളുടെ സാങ്കേതിക മികവിനൊപ്പം റേസിംഗ് രംഗത്തെ സാന്നിധ്യവും ശക്തിപ്പെടുത്തുകയാണ്. ടിവിഎസ് റേസിങ്ങിന്റെ ആഗോളവത്കരണം കമ്പനിയുടെ ഇരുചക്ര വാഹന ശ്രേണിയുടെ അന്താരാഷ്ട്ര വളർച്ചയുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
TRIC പുതിയ രാജ്യങ്ങളിലേക്കും വിപണികളിലേക്കും വ്യാപിക്കുമ്പോൾ ടിവിഎസ് അപ്പാച്ചെ ശ്രേണിയും ആഗോള വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം നേടുകയാണ്. നിലവിൽ ലോകമെമ്പാടുമായി 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് അപ്പാച്ചെ ശ്രേണിക്കുള്ളത്.
റേസിംഗ് പ്ലാറ്റ്ഫോമിലൂടെ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളും പ്രകടന മികവും ആഗോള വിപണിയിലെ ടിവിഎസ് ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Story Summary: TVS Racing has launched the 2026 TVS Racing International Championship at the Misano World Circuit in Italy, marking its European debut. Fourteen racers from 12 countries are competing on race-spec TVS Apache RR 310 motorcycles as the company expands its global racing and two-wheeler presence.




