മെസ്സിക്ക് ശേഷം അർജന്റീനയുടെ പത്താം നമ്പർ ആര് അണിയും? നിക്കോ പാസിന് സാധ്യത | Argentina Number 10 Jersey
ബ്യൂണസ് അയേഴ്സ്: ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുന്ന സാഹചര്യത്തിൽ അർജന്റീനയുടെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ച സജീവം (Argentina Number 10 Jersey). മെസ്സിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി പിൻവലിക്കാനുള്ള ആഗ്രഹം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രകടിപ്പിച്ചിരുന്നെങ്കിലും ഫിഫയുടെ നിലവിലെ നിയമങ്ങൾ അതിന് തടസമാണ്.
ഫിഫയുടെ പ്രധാന ടൂർണമെന്റുകളിൽ ടീമിലെ താരങ്ങൾക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ അനുവദിക്കണമെന്നാണ് നിയമം. അതിനാൽ മെസ്സിക്ക് ശേഷം പത്താം നമ്പർ സ്ഥിരമായി ഒഴിച്ചിടാൻ അർജന്റീനയ്ക്ക് സാധിക്കില്ല.
മെസ്സിയുടെ പകരക്കാരനായി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റിനിർത്താനുള്ള ശ്രമം പരിശീലകൻ ലയണൽ സ്കലോണി നേരത്തെ നടത്തിയിരുന്നു. എന്നാൽ നിയമപരമായ നിയന്ത്രണങ്ങൾ കാരണം ഈ തീരുമാനം സ്ഥിരമായി തുടരാൻ കഴിയില്ല.
ഇതോടെ 22കാരനായ മധ്യനിര താരം നിക്കോ പാസ് അർജന്റീനയുടെ അടുത്ത പത്താം നമ്പർ താരമാകാനുള്ള സാധ്യതയാണ് ഉയരുന്നത്. ഇറ്റാലിയൻ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം നടത്തുന്ന പാസ് ദേശീയ ടീമിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ഡ്രിബ്ലിങ്ങിലെ മികവും കൃത്യതയാർന്ന പാസിങ്ങും പാസിന്റെ പ്രധാന സവിശേഷതകളാണ്. ബൊളീവിയയ്ക്കും ബെനിനുമെതിരായ മത്സരങ്ങളിൽ ഗോൾ നേടി താരം ദേശീയ ടീമിനായും തന്റെ കഴിവ് തെളിയിച്ചിരുന്നു.
മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിലും പാസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ നിക്കോ പാസ് നേടിയ ഗോളിന് വഴിയൊരുക്കിയത് മെസ്സി തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. മെസ്സിക്ക് ശേഷം അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി പാസിന് ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ കൂടുതൽ ശക്തി ലഭിച്ചിട്ടുണ്ട്.
അതേസമയം, ഐക്കണിക് പത്താം നമ്പർ ജേഴ്സി ഔദ്യോഗികമായി നിക്കോ പാസിന് കൈമാറുന്ന കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.




