വികാരങ്ങളെ തിരിച്ചറിയാം, മനസ്സ് തുറക്കാം; കൊച്ചിയിൽ വേറിട്ട മാനസികാരോഗ്യ ബോധവൽക്കരണവുമായി പ്രയത്ന | World Mental Health Day
കൊച്ചി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (World Mental Health Day) ഭാഗമായി പൊതുജനങ്ങളിൽ മാനസികാരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് കൊച്ചിയിലെ സുഭാഷ് പാർക്കിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചു. പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി ഒരുക്കിയ ‘ഇമോഷൻസ് ഇന്ററാക്ടീവ് ഇൻസ്റ്റളേഷൻ’ ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ., കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സന്തോഷം, സങ്കടം, ഭയം, ആശങ്ക, വീർപ്പുമുട്ടൽ, ദേഷ്യം തുടങ്ങിയ വിവിധ വൈകാരിക അവസ്ഥകളെ പ്രതിനിധീകരിക്കുന്ന സിലിണ്ടറുകളായിരുന്നു ഇൻസ്റ്റളേഷന്റെ പ്രധാന ആകർഷണം. പാർക്കിലെത്തിയവർക്ക് തങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് അനുയോജ്യമായ സിലിണ്ടറിൽ ടോക്കൺ നിക്ഷേപിക്കാനുള്ള അവസരമാണ് ഒരുക്കിയത്.
ഓരോ സിലിണ്ടറിനും താഴെ അതത് വികാരവുമായി ബന്ധപ്പെട്ട പ്രോത്സാഹന സന്ദേശങ്ങൾ അടങ്ങിയ ബാസ്ക്കറ്റുകളും സജ്ജീകരിച്ചിരുന്നു. ടോക്കൺ നിക്ഷേപിച്ച ശേഷം സ്വന്തം വികാരത്തിന് അനുയോജ്യമായ പ്രചോദനാത്മക സന്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ തിരഞ്ഞെടുക്കാനും വായിക്കാനും ഇതിലൂടെ സാധിച്ചു. സ്വന്തം വികാരങ്ങളെ തിരിച്ചറിയുന്നതിനും അവ തുറന്നുപറയുന്നതിനും പ്രോത്സാഹനം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
“നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക എന്നതാണ് മാനസികാരോഗ്യത്തിലേക്കുള്ള ആദ്യപടി. കുട്ടികളടക്കം നിരവധി ആളുകൾക്ക് ഉള്ളിലെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഭയമോ മുൻവിധികളെക്കുറിച്ചുള്ള ആശങ്കയോ ഇല്ലാതെ സ്വന്തം വികാരങ്ങളെ പേരെടുത്ത് പറയാൻ സഹായിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്,” പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് മികച്ച പങ്കാളിത്തവും പ്രതികരണവുമാണ് ഇൻസ്റ്റളേഷന് ലഭിച്ചത്. പരിപാടിയിൽ പങ്കെടുത്ത മീനു തന്റെ അനുഭവം പങ്കുവെച്ചു. “ഞാൻ തിരഞ്ഞെടുത്തത് ‘ഓവർവെൽംഡ്’ (വീർപ്പുമുട്ടൽ) എന്ന സിലിണ്ടറായിരുന്നു. അതിൽ നിന്ന് ലഭിച്ച സന്ദേശം ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു,” മീനു പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് സ്വന്തം വികാരങ്ങളെക്കുറിച്ച് ചിന്തിക്കാനും മറ്റുള്ളവരുടെ മാനസികാവസ്ഥകളെ മനസ്സിലാക്കാനും പരസ്പര സഹാനുഭൂതിയും പിന്തുണയും പങ്കുവെക്കാനും അവസരമൊരുക്കുന്നതായി ദിനാചരണം. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവേദിയായും പരിപാടി മാറി.
Story Summary:
Prayatna Centre for Child Development and Kochi Municipal Corporation jointly organised an interactive emotional awareness installation at Subhash Park as part of World Mental Health Day. The initiative invited visitors to identify their current emotions and choose corresponding motivational messages, encouraging open conversations about mental health and emotional well-being.




