Skip to content
November 19, 2026
⌕

‘രണ്ടു കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ. എന്റെ ശൈലി ഇങ്ങനെയാണ്, മാറ്റില്ല’; അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് പരസ്യ മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. വിവാദങ്ങൾ ആളിക്കത്തിക്കാതിരിക്കാൻ കരുതലോടെയുള്ള പിൻവാങ്ങൽ. ഹൈക്കമാൻഡ് വിശദീകരണം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. എല്ലാത്തിനുമുള്ള മറുപടി 13ലെ കെ.പി.സി.സി യോഗത്തിൽ

October 9, 2026
Share this post to

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരസ്യ വിമർശനത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. വിമർശനത്തിന് മറുപടി നൽകി വിവാദം സജീവമാക്കി നിർത്തേണ്ടെന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും പാർട്ടിയിലെ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


രണ്ട് കൈയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകു എന്നായിരുന്നു ചോദ്യം ആവർത്തിച്ചപ്പോഴുളള മുഖ്യമന്ത്രിയുടെ പ്രതികരണം. വിമർശനം വന്നത് കണക്കിലെടുത്ത് ശൈലിമാറ്റുമോ എന്ന ചോദ്യത്തിന് നൽകിയതിൽ വ്യക്തമായ സന്ദേശം ഉണ്ടായിരുന്നു.


ശൈലി മാറ്റില്ലെന്നും തൻെറ ശൈലി ഇതുതന്നെയാണെന്നും ആയിരുന്നു  മുഖ്യമന്ത്രി വി.ഡി.സതീശൻെറ മറുപടി.താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശിക്കുന്നവരോട് ശത്രുത വെച്ചുപുലർത്തുന്നത് തൻെറ ശൈലിയല്ല എന്നും മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു.

വിമർശനം വരുമ്പോൾ എന്തെങ്കിലും പിശക് പറ്റിയോയെന്ന് ആലോചിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.” പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. രണ്ടു കൈയും കൂട്ടി അടിച്ചാലേ ശബ്ദമുണ്ടാകു.

ഞാൻ വിമർശനത്തിന് അതീതനല്ല.പരിചയസമ്പന്നർ ഉള്ള മന്ത്രിസഭയാണിത്. സീനിയേഴ്സ് ഉണ്ട്. ഘടകകക്ഷി മന്ത്രിമാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയേ പോലുളളവർ ഉണ്ട്. എല്ലാവരുമായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഞാൻ വിമർശനത്തിന് അതീതനല്ല.


തെറ്റ് ചെയ്യാത്തതിന് വിമർശിച്ചാൽ ഞാൻ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. സർക്കാരിൻെറ നയപരമായ കാര്യങ്ങൾ പാർട്ടിയെ അറിയിക്കും. ദൈനംദിന കാര്യങ്ങൾ അങ്ങനെ ചെയ്യാനാകില്ല. അത് സർക്കാർ തലത്തിൽ ആലോചിക്കും.


പാർട്ടി നേതാക്കളുടെ ക്രോസ് സെക്ഷൻ ആണ് മന്ത്രിസഭയിൽ ഉളളത്. പരിചയസമ്പന്നരായ നേതാക്കൾ ഏറെയുണ്ട്. സീനിയറായ നേതാക്കളും യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനും ഉണ്ട്.ഞാൻ വിമർശനത്തിന് അതീതനല്ല. എൻറെ ശൈലി ഇതുതന്നെയാണ്.” മന്ത്രിസഭാ യോഗത്തിന് ശേഷമുളള പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.

സംഘടനാ വിഷയങ്ങളിൽ ഹൈക്കമാൻഡ് വിശദീകരണം ആരാഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെത്തി ഹൈക്കമാൻഡുമായുളള കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങളൊന്നും ചർച്ചയായിട്ടില്ല. 

അടൂർ പ്രകാശിൻെറ പരാതിയിൽ തന്നോട് വിശദീകരണം തേടിയിട്ടില്ല.അതുകൊണ്ട് താൻ അങ്ങോട്ടും ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അടൂർ പ്രകാശിൻെറ പരസ്യ പ്രതികരണത്തിൽ നീരസം ഉണ്ടെന്നോ അതൃപ്തിയുണ്ടെന്നോ തോന്നാത്ത തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ.


വിമർശനത്തിന് മറുപടി കൊടുത്താൽ വിവാദം മൂർച്ഛിക്കുമെന്നും അത് താൻ നയിക്കുന്ന സർക്കാരിൻെറ പ്രതിഛായയെ സാരമായി ബാധിക്കുമെന്നും ഉളള തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ കരുതലോടെയുളള പ്രതികരണം എന്നാണ് സൂചന.


ഈ മാസം 13ന് ചേരുന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വെച്ച് അടൂർ പ്രകാശിൻെറ വിമർശനത്തിന് മറുപടി നൽകാനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളുടെ മുന്നിലേക്ക് വന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ സമകാലിക വിഷയങ്ങളിലെല്ലാം പ്രതികരണം നൽകി.

പത്രസമ്മേളനങ്ങൾ വിവാദത്തിൽ കലാശിക്കുന്നത് മൂലമാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനം ഒഴിവാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

സമയക്കുറവ് മൂലമാണ് കഴിഞ്ഞയാഴ്ച പത്ര സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഏറെ നേരം പ്രതികരണങ്ങൾക്കായി നീക്കിവെച്ച് ആ നഷ്ടം പരിഹരിക്കാനും ബോധപൂർവ്വം ശ്രമിച്ചു.


ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി അതിന് കാരണം പ്രതിപക്ഷത്ത് ഇരുന്നപ്പോൾ വിമർശനം ഉന്നയിച്ചതാണെന്നും വ്യക്തമാക്കി.


പ്രതിപക്ഷത്തിരിക്കെ വിമർശിച്ച ഭരണപരിഷ്കാര കമ്മീഷൻ, ഡൽഹിയിലെ പ്രത്യേക പ്രതിനിധി നിയമനങ്ങൾ ആവർത്തിച്ചത് എന്തിനാണെന്ന ചോദ്യത്തിനും മുഖ്യമന്ത്രി വിശദീകരണം നൽകി.

സംസ്ഥാനത്തിൻെറ ക്ഷേമം മുൻനിർത്തിയുളള തീരുമാനം എന്നാണ് നിയമനങ്ങളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഭരണപരിഷ്കാരം യുഡിഎഫിൻെറ പ്രഖ്യാപിത നയമാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പുതുയുഗ യാത്രയിൽ അത് വിശദീകരിച്ചതാണ്.ഭരണപരിഷ്കാരത്തെ കുറിച്ച് പഠനം നടത്താനാണ് കമ്മീഷനെ വെച്ചത്.

കേന്ദ്ര സർക്കാരിൽ നിന്ന് പ്രൊജക്ടുകൾ നേടിയെടുക്കുന്നതിന് ശക്തമായ സമ്മർദ്ദം ആവശ്യമാണ്. അതിന് വേണ്ടിയാണ് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ നിയമിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Get more updates from Pudukad News on Google