100 യൂറോയുടെ പദ്ധതി സ്വാഹാ…കള്‍ച്ചര്‍ കാര്‍ഡിന് ബജറ്റില്‍ ഇടം കിട്ടിയില്ല
ഡബ്ലിന്‍: സാംസ്‌കാരിക മന്ത്രി പാട്രിക് ഒ ഡൊനോവന്‍ പ്രത്യേക താല്‍പ്പര്യത്തോടെ യുവാക്കള്‍ക്കായി കൊണ്ടുവന്ന കള്‍ച്ചര്‍ കാര്‍ഡിന് ബജറ്റില്‍ ഇടം കിട്ടിയില്ല. ബജറ്റിന് മുന്നോടിയായി ഒ ഡൊനോവന്‍ മുന്നോട്ടുവെച്ച പ്രധാന പദ്ധതിയായിരുന്നു കള്‍ച്ചര്‍ കാര്‍ഡ്.
സിനിമാശാലകള്‍, തിയേറ്ററുകള്‍, കലാ-സംഗീത വേദികള്‍ എന്നിവിടങ്ങളിലേക്ക് 16 വയസ്സുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നതായിരുന്നു 100യൂറോയുടെ ഈ പദ്ധതി.കുട്ടികളെ ഫോണുകളില്‍ നിന്ന് അകറ്റാനുള്ള ഏക മാര്‍ഗ്ഗം അവര്‍ക്ക് ചെയ്യാന്‍ മറ്റൊരു കാര്യം നല്‍കുകയാണെന്ന് പറഞ്ഞു.ഈ ആശയം അത് മുന്‍നിര്‍ത്തിയുള്ളതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ തള്ളിക്കളയുകയും പിന്നീട് പരിഗണനയില്‍ വരികയും ചെയ്ത ഈ പദ്ധതിക്കായി ഫണ്ട് ലഭ്യമായതായി സാംസ്‌കാരിക മന്ത്രിയുടെ വക്താവ് ബജറ്റിന് തലേദിവസം അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ കാര്‍ഡിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.
എന്നാല്‍ 100 യൂറോയുടെ കാര്‍ഡ് നടപ്പിലാക്കാനോ അതിനുള്ള ഫണ്ട് കണ്ടെത്താനോ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ് പിന്നീട് അറിയിച്ചു.
സര്‍ക്കാര്‍ കര്‍മ്മപദ്ധതിയിലെ 131-ാം പേജില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള പദ്ധതിയാണ് കള്‍ച്ചര്‍ കാര്‍ഡ്.16,17 വയസ്സുകാര്‍ക്ക് നാടകം, സംഗീതം, കലാരൂപങ്ങള്‍ എന്നിവ ആസ്വദിക്കുന്നതിനായി കള്‍ച്ചര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ കര്‍മ്മപദ്ധതിയില്‍ പറയുന്നത്.ഇരു പാര്‍ട്ടികളുടെയും പ്രകടനപത്രികകളില്‍ ഈ കാര്യം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോയത് അതൊരു മോശം ആശയമായതുകൊണ്ടല്ലെന്നും മറിച്ച് മതിയായ ബജറ്റ് വിഹിതം ലഭിക്കാത്തതുകൊണ്ടാണെന്നും ഒ ഡൊനോവന്‍ അറിയിച്ചു.
ആകെ 848 മില്യണ്‍ യൂറോ ബജറ്റ് വിഹിതമുള്ള വകുപ്പില്‍, ഓരോ മില്യണ്‍ യൂറോയും വളരെ വലിയ തുകയാണ്.വലിയ വകുപ്പുകള്‍ക്ക് സ്വാഭാവികമായും വ്യത്യസ്തമായതും അടിയന്തിരമായതുമായ ആവശ്യങ്ങളുണ്ടാകാം. അവര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ ലഭിക്കുന്നുവെന്നത് അംഗീകരിക്കുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ കള്‍ച്ചര്‍ കാര്‍ഡ്
അടുത്ത വര്‍ഷം അവസാനത്തോടെ കള്‍ച്ചര്‍ കാര്‍ഡ് നടപ്പിലാക്കുമെന്ന് ഒ ഡൊനോവന്റെ വക്താവ് അറിയിച്ചു. ഈ സമയക്രമം കൃത്യമായി പാലിക്കാനായില്ലെങ്കില്‍ പോലും, കാര്‍ഡ് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി ആവര്‍ത്തിച്ചു.കള്‍ച്ചര്‍ കാര്‍ഡ് എന്ന ആശയം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
2’027-ല്‍ കാര്‍ഡ് നടപ്പിലാക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ വകുപ്പിനുണ്ട്.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും.സര്‍ക്കാര്‍ കര്‍മ്മപദ്ധതിയുടെ അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ രണ്ടാം വര്‍ഷം മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഇനിയും മൂന്ന് ബജറ്റുകള്‍ വരാനുണ്ട്’ ഡോനോവന്‍ പ്രതീക്ഷ പങ്കുവെച്ചു




