എട്ട് മണിക്കൂറിന് ശേഷം പിണറായി വിജയനെ വിട്ടയച്ചു; ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരമെന്ന് പ്രഖ്യാപനം | Pinarayi Vijayan released

Current: മലയാളം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പൊലീസ് വിട്ടയച്ചു (Pinarayi Vijayan released). മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. രാവിലെ 10.30ഓടെ കസ്റ്റഡിയിലെടുത്ത പിണറായിയെ എട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ വിവിധയിടങ്ങളിലൂടെ കൊണ്ടുനടന്ന ശേഷമാണ് പിണറായിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പുറത്തിറങ്ങിയ പിണറായി, ഇത്തരം നടപടികളിലൂടെ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പിണറായി പറഞ്ഞു. എന്തിനാണ് തന്നെ ഇത്രയും നേരം വാഹനത്തിൽ കറക്കിയതെന്ന് ചോദിച്ച അദ്ദേഹം, പൊലീസിന്റെ നടപടി വിചിത്രമാണെന്നും വിമർശിച്ചു.
ഭക്ഷണവും മരുന്നും മുടങ്ങിയെന്ന് നേതാക്കൾ
പിണറായിയെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ കൊണ്ടുനടന്നതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി കൂടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. പിണറായിക്കൊപ്പം കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും വാഹനത്തിലുണ്ടായിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ ഇവർ പ്രതിഷേധിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടുവെന്നാണ് നേതാക്കളുടെ ആരോപണം.
പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയതായും പ്രായമായ നേതാവിനോട് മോശമായാണ് പൊലീസ് പെരുമാറിയതെന്നും നേതാക്കൾ ലൈവ് വീഡിയോയിലൂടെ ആരോപിച്ചിരുന്നു.
നിരവധി നേതാക്കളും കസ്റ്റഡിയിൽ
പിണറായി വിജയനെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസിൽ നിന്ന് പ്രതിഷേധ മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
Story Summary: Former Kerala Chief Minister Pinarayi Vijayan was released from Mandir Marg police station after being detained during a protest in Delhi demanding Chief Election Commissioner Gyanesh Kumar’s resignation. Vijayan criticised the police action and vowed to continue the agitation, while accompanying leaders alleged that his food and medication were delayed during the detention.






