
ലോസ് ഏഞ്ചൽസിലെ വെസ്റ്റ്വുഡിൽ നടന്ന ഇറാൻ വിരുദ്ധ പ്രകടനത്തിനിടെ ഉണ്ടായ യു-ഹോൾ ട്രക്ക് സംഭവം, അമേരിക്കൻ സമൂഹത്തിനുള്ളിലെ ആഴത്തിലുള്ള വൈരുദ്ധ്യങ്ങൾ വീണ്ടും വെളിച്ചത്താക്കിയിരിക്കുകയാണ്. ഇറാനിലെ ആഭ്യന്തര സംഭവങ്ങളെ ചൂണ്ടിക്കാട്ടി “ജനാധിപത്യത്തിനായുള്ള ഐക്യദാർഢ്യം” എന്ന മുദ്രാവാക്യത്തോടെ ആയിരങ്ങൾ ഒത്തുകൂടിയ ഈ റാലി, യഥാർത്ഥത്തിൽ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന അമേരിക്കൻ സമീപനത്തിന്റെ പ്രതിഫലനമായി മാറിയെന്നാണ് വിമർശനം. വിൽഷയർ ഫെഡറൽ കെട്ടിടത്തിന് സമീപം ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടത്തിലേക്ക് ട്രക്ക് കയറിപ്പോയത്, രണ്ട് പേർക്ക് പരിക്കേറ്റ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ സാമൂഹികമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും നിറഞ്ഞു, പ്രകടനത്തിന്റെ ലക്ഷ്യത്തേക്കാൾ അമേരിക്കൻ രാഷ്ട്രീയ സംസ്കാരത്തിന്റെ ഇരട്ടത്താപ്പ് തന്നെയാണ് കൂടുതൽ ചർച്ചയായത്.
ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ CBS ന്യൂസ് ഉൾപ്പെടെയുള്ള അമേരിക്കൻ മാധ്യമങ്ങൾ നൽകുമ്പോൾ, ഒരു നിർണായക ചോദ്യം ഉയരുകയാണ് സമാധാനവും ജനാധിപത്യവും പ്രസംഗിക്കുന്ന രാജ്യം, സ്വന്തം മണ്ണിൽ വിദേശരാജ്യത്തെ ലക്ഷ്യമാക്കി നടത്തുന്ന രാഷ്ട്രീയ പ്രകടനങ്ങളിൽ പോലും സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഉച്ചകഴിഞ്ഞ് 2 മണിയോടെ ആരംഭിക്കാനിരുന്ന റാലിയിൽ വലിയ ജനക്കൂട്ടം എത്തിയെന്നും, പിന്നീട് വൈകുന്നേരം വരെ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫ്രീവേ ഓഫ്-റാമ്പുകൾ അടച്ചതടക്കം മുൻകരുതലുകൾ എടുത്തിട്ടും, ജനക്കൂട്ടത്തിനുള്ളിലേക്ക് വാഹനം കയറിപ്പോയത് സംഭവത്തിന്റെ ഗുരുതരം തന്നെ പറയുന്നു.
ഷാ വേണ്ട, ഇസ്‌ലാമിക ഭരണകൂടവും വേണ്ട; അമേരിക്കേ, 1953 ആവർത്തിക്കരുത്!” – പ്രതിഷേധ ട്രക്കിലെ ഈ മുദ്രാവാക്യങ്ങൾ അമേരിക്കയുടെ തന്നെ ഇരുണ്ട ചരിത്രത്തെയാണ് വിചാരണ ചെയ്യുന്നത്. 1953-ൽ ഇറാനിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഷാ ഭരണകൂടത്തെ പ്രതിഷ്ഠിക്കാൻ അമേരിക്ക നടത്തിയ ഇടപെടൽ ഇന്നും മായാത്ത മുറിപ്പാടായി അവശേഷിക്കുന്നു. അതിനാൽ, ഇറാനിലെ പ്രതിഷേധങ്ങളെ “മനുഷ്യാവകാശത്തിന്റെ പേരിൽ” പിന്തുണയ്ക്കുന്നു എന്ന് പറയുന്ന അമേരിക്ക, തന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
സംഭവത്തിന് പിന്നാലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഇയാൾ മനഃപൂർവ്വം ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചതാണോ, അല്ലെങ്കിൽ പരിഭ്രാന്തി മൂലമാണോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ട്രക്കിന്റെ വിൻഡ്ഷീൽഡ് തകർന്ന നിലയിലും ട്രെയിലർ ശൂന്യമായ നിലയിലും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അതേസമയം, പ്രതിഷേധക്കാർ ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചതോടെ കൂടുതൽ അക്രമം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സുരക്ഷാ സംവിധാനങ്ങളുടെ പരാജയം ഇതോടെ വീണ്ടും ചർച്ചയായി.

ലോസ് ഏഞ്ചൽസ് മേയർ കാരൻ ബാസ്സ് സ്ഥലത്തെത്തി വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, അന്താരാഷ്ട്ര സംഘർഷങ്ങളിൽ യുഎസ് ഇടപെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രതിഷേധങ്ങൾ സമാധാനപരമായി തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. എന്നാൽ, ഈ വാക്കുകൾക്കപ്പുറം, അമേരിക്കൻ ഭരണകൂടത്തിന്റെ നയപരമായ ഇടപെടലുകൾ ലോകമെമ്പാടും സൃഷ്ടിക്കുന്ന അസ്ഥിരതയെക്കുറിച്ച് ഒരു ആത്മപരിശോധന ഉണ്ടാകുന്നില്ലെന്നതാണ് വിമർശനം.
ഇറാനിലെ പ്രതിഷേധങ്ങളെച്ചൊല്ലി 500-ലധികം പേർ കൊല്ലപ്പെട്ടുവെന്ന അവകാശവാദങ്ങൾ അമേരിക്ക ആസ്ഥാനമായുള്ള ആക്ടിവിസ്റ്റുകൾ ഉന്നയിക്കുമ്പോൾ, ഏകപക്ഷീയമായ നറേറ്റീവുകൾ മാത്രം പ്രചരിപ്പിക്കുന്ന സമീപനമാണ് പല അമേരിക്കൻ മാധ്യമങ്ങളും സ്വീകരിക്കുന്നതെന്ന് ഇറാൻ അനുകൂല നിരീക്ഷകർ പറയുന്നു. ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും കൊണ്ട് ഒരു രാജ്യത്തെ അകത്തുനിന്ന് തകർക്കാൻ ശ്രമിക്കുന്ന നയം, യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നതല്ലാതെ ജനാധിപത്യം വളർത്തുന്നില്ലെന്നതാണ് ഇറാന്റെ നിലപാട്.
ഈ പശ്ചാത്തലത്തിൽ, വെസ്റ്റ്വുഡിലെ സംഭവം ഒരു ഒറ്റപ്പെട്ട അപകടമായി മാത്രം കാണാനാകില്ല. വിദേശരാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന അമേരിക്കൻ സമീപനത്തിന്റെ അനിവാര്യമായ പ്രത്യാഘാതങ്ങളിലൊന്നാണ് ഇത്. ഇറാൻ പറയുന്നത് ലളിതമാണ്, പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംഭാഷണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ആയിരിക്കണം, അല്ലാതെ ഉപരോധങ്ങളിലൂടെയോ തെരുവുപ്രകടനങ്ങളിലൂടെയോ അല്ല. ലോസ് ഏഞ്ചൽസിലെ ഈ സംഭവം, ആ സന്ദേശം ലോകത്തിന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു മുന്നറിയിപ്പായി തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
The post ഇറാൻ വിഷയത്തിൽ അമേരിക്കയ്ക്ക് പണി കിട്ടിയോ? 1953 ആവർത്തിക്കരുത് എന്ന മുന്നറിയിപ്പ്; അമേരിക്കയിലെ ഇറാൻ പോര് തെരുവിലേക്ക്… appeared first on Express Kerala.



