മാല കവർന്നു; മുക്കുപണ്ടമാണെന്നറിഞ്ഞതോടെ റോഡിൽ വലിച്ചെറിഞ്ഞ് മോഷ്ടാവ് കടന്നുകളഞ്ഞു | Trichy Chain Snatching

Current: മലയാളം

തിരുച്ചിറപ്പള്ളി: നടന്നുപോകുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്ത് ഓടിയ മോഷ്ടാവ്, അത് മുക്കുപണ്ടം (കവറിംഗ്) ആണെന്ന് മനസ്സിലായതോടെ റോഡിൽ എറിഞ്ഞ് കടന്നുകളഞ്ഞു (Trichy Chain Snatching). തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം രാഘവേന്ദ്ര ഗാർഡൻ ഭാഗത്താണ് സംഭവം.
ശ്രീരംഗം സ്വദേശിയായ യുവതി വഴിയിലൂടെ നടന്നുപോകുമ്പോഴാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ഇവരുടെ കഴുത്തിലെ താലിമാല പിടിച്ചെറിഞ്ഞത്. ഉടൻ തന്നെ യുവതി ധൈര്യത്തോടെ മോഷ്ടാവിനെ എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. എങ്കിലും യുവതിയെ തള്ളിമാറ്റി മാലയുമായി മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ, കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം കയ്യിലുള്ള മാല പരിശോധിച്ചപ്പോഴാണ് അത് സ്വർണമല്ല, സാധാരണ കവറിംഗ് മാലയാണെന്ന് മോഷ്ടാവിന് മനസ്സിലായത്. ഇതോടെ നിരാശനായ അയാൾ മാല റോഡിലേക്ക് വലിച്ചെറിയുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






