വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തനാനുമതി നൽകാൻ വഴിയൊരുക്കുന്ന സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നൽകിയേക്കും. വിദേശ പങ്കാളിത്തത്തിനും സ്വകാര്യ നിക്ഷേപങ്ങൾക്കും അനുമതി നൽകുന്നതിനൊപ്പം നിലവിലുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവകലാശാലകളായി മാറാനും അവസരമൊരുക്കും. പഴയ ബിൽ പിൻവലിച്ച് പുതിയ നിയമനിർമാണവുമായി മുന്നോട്ടുപോകാനൊരുങ്ങി സർക്കാർ

Current: മലയാളം

തിരുവനന്തപുരം:വിദേശ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുളള വ്യവസ്ഥകൾ അടങ്ങുന്ന സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും.സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്ന ഏജൻസിക്ക് രാജ്യാന്തര പങ്കാളിയാകാമെന്ന വ്യവസ്ഥയാണ് നിർദ്ദിഷ്ട ബില്ലിൽ ഉളളത്.
ഇതിലൂടെ വിദേശ സർവകലാശാലകൾക്ക് സംസ്ഥാനത്തേക്ക് യഥേഷ്ടം കടന്നുവരാനാകുമെന്ന കണക്കുക്കൂട്ടലിലാണ് സർക്കാർ.വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ കേരളത്തിലും സൌകര്യം ഒരുക്കണമെന്ന കാഴ്ചപ്പാടിലാണ് അതിന് സഹായകമായ വ്യവസ്ഥകൾ സ്വകാര്യ സർവകലാശാല ബില്ലിൽ ഉൾക്കൊളളിച്ചത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുളള വ്യവസ്ഥകളും നിർദ്ദിഷ്ട ബില്ലിലുണ്ട്.സ്വകാര്യ – വിദേശ സർവകലാശാലകൾ കൂടി ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി കേരള നോളജ് വാലി വികസന അതോറിറ്റി രൂപീകരിക്കും.
നിലവിലുളള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവകലാശാലയായി മാറാനുളള വ്യവസ്ഥകളും പുതിയ ബില്ലിൽ ഉണ്ടാകും.എൽഡിഎഫ് സർക്കാരിൻെറ കാലത്ത് കൊണ്ടുവന്ന സ്വകാര്യ സർവകലാശാല ബില്ലിലെ കർശന വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉദാരമാക്കിയിട്ടുണ്ട്.
മുൻ ബില്ലിൽ ഉണ്ടായിരുന്ന ഭൂമിയുടെ ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ-സ്ഥിര നിക്ഷേപം തുടങ്ങിയ കർശന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. സർക്കാരിന് കീഴിലുളള സർവകലാശാലകളുടെ മാതൃകയിൽ സ്വകാര്യ സർവകലാശാലകൾക്കും സ്വയംഭരണാധികാരം നൽകും.
നിർദ്ദിഷ്ട സ്വകാര്യ സർവകലാശാലകൾ സ്വയംഭരണ അധികാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രവർത്തിക്കും എന്നതാണ് ബില്ലിലെ വ്യവസ്ഥ.സർക്കാരിൽനിന്നുള്ള മെയിന്റനൻസ് ഗ്രാൻ്റുകൾക്കോ മറ്റ് സാമ്പത്തിക സഹായങ്ങൾക്കോ ഈ സർവകലാശാലകൾക്ക് അർഹതയുണ്ടായിരിക്കില്ല.
എൽഡിഎഫ് സർക്കാർ 2025 മാർച്ച് മാസത്തിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്ന ബിൽ തിരിച്ചുവിളിക്കാനാണ് തീരുമാനം. പഴയ ബില്ലിലെ ചില വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് ഈ നിയമനിർമാണം തിരിച്ചുവിളിച്ച് പുതിയ കരട് ബിൽ കൊണ്ടുവരുന്നത്.
നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് വേണ്ടി രാവിലെ മന്ത്രിസഭാ യോഗം ചേരും. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുന്ന ബില്ലുകളിൽ ഏറ്റവും നിർണായകം സ്വകാര്യ സർവകലാശാല ബില്ലാണ്.
ഉപരിപഠനത്തിനായി കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറുന്നത് തടയുകയാണ് ഈ നിയമപരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻതോതിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാൻ പുതിയ ബിൽ വഴിയൊരുക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.എന്നിരുന്നാലും, മാനദണ്ഡങ്ങൾ ദുർബലമാക്കുന്നത് വിദ്യാഭ്യാസ ഗുണനിലവാരത്തെയും സാധാരണക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങളെയും ബാധിക്കുമെന്ന ആശങ്കയും പ്രതിപക്ഷ പ്രതികരണങ്ങളും ഉയർന്നു വരുന്നുണ്ട്.
ഇടത് പക്ഷം പ്രതിപക്ഷത്തായതിനാൽ എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും ബില്ലിനെതിരെ പ്രക്ഷോഭം രംഗത്തേക്ക് വരാനും സാധ്യതയുണ്ട്.എൽ.ഡി.എഫ് സർക്കാരിൻെറ ബില്ലിൽ വിദേശ സർവകലാശാലകൾക്ക് കടന്നുവരാനുളള വ്യവസ്ഥ ഉണ്ടായിരുന്നില്ല.
അതിൽ പിടിച്ചായിരിക്കും ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ സമരത്തിന് ഇറങ്ങാൻ പോകുന്നത്.മുൻ ബിൽ തിരിച്ചുവിളിക്കാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ച ശേഷം പുതിയ ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.






