
ഇന്ത്യയിൽ ലിഥിയം-അയൺ ബാറ്ററി സെല്ലുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ റിലയൻസ് ഇൻഡസ്ട്രീസ് ഉപേക്ഷിച്ചുവെന്ന വാർത്തകൾ തള്ളി കമ്പനി രംഗത്തെത്തി. തങ്ങളുടെ ബാറ്ററി സ്റ്റോറേജ് നിർമ്മാണ പദ്ധതികളിൽ മാറ്റമില്ലെന്നും എല്ലാം നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് തന്നെ പുരോഗമിക്കുകയാണെന്നും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് തിങ്കളാഴ്ച വ്യക്തമാക്കി.
ബാറ്ററി സെൽ ഉൽപ്പാദനം മുതൽ എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ വരെ ഉൾപ്പെടുന്ന ലോകോത്തര ആവാസവ്യവസ്ഥ ഇന്ത്യയിൽ നിർമ്മിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ചൈനീസ് കമ്പനിയായ സിയാമെൻ ഹിത്തിയം എനർജി സ്റ്റോറേജ് ടെക്നോളജിയുമായി സെൽ സാങ്കേതികവിദ്യയ്ക്കായി റിലയൻസ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചൈനീസ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ കാരണം പദ്ധതി താൽക്കാലികമായി നിർത്തിവച്ചുവെന്നായിരുന്നു ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
Also Read: മ്യൂച്വൽ ഫണ്ട് രംഗത്ത് വൻ മാറ്റം; മൈക്രോക്യാപ്പ് ഫണ്ടിന് സെബിയുടെ വിലക്ക്? നിക്ഷേപകർ അറിയേണ്ടതെല്ലാം
പ്രധാന സാങ്കേതികവിദ്യകളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് ഈ ചർച്ചകൾക്ക് തടസ്സമായതെന്നാണ് സൂചന. ലിഥിയം ബാറ്ററി ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക പെർമിറ്റ് വേണമെന്ന ചട്ടം ചൈന കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വരുത്തിയിരുന്നു. ഇലക്ട്രിക് വാഹന മേഖലയിലും ഊർജ്ജ സംഭരണ രംഗത്തും തങ്ങളുടെ മേധാവിത്വം നിലനിർത്താനാണ് ചൈനയുടെ ഈ നീക്കം. എന്നാൽ ഇത്തരം റിപ്പോർട്ടുകൾക്കിടയിലും തങ്ങളുടെ ബാറ്ററി നിർമ്മാണ പ്ലാന്റ് ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് റിലയൻസ്.
The post റിലയൻസ് പിന്നോട്ടില്ല! ചൈനീസ് തടസ്സങ്ങൾക്കിടയിലും ബാറ്ററി വിപ്ലവത്തിന് അംബാനി; പുതിയ വെളിപ്പെടുത്തൽ appeared first on Express Kerala.


