"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

വീടിന് തീപിടിച്ച് ജർമ്മനിയിൽ മൂന്ന് മലയാളികൾ മരിച്ചു; മനഃപൂർവം തീയിട്ടതെന്ന് നിഗമനം; ഒരാൾ അറസ്റ്റിൽ

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജർമ്മനിയിലെ ബോഹും നഗരത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തീപിടിത്തം മനഃപൂർവം സൃഷ്ടിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് 41 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അ‍ഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്.

കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേൽ കെ.പി. സാബു-പി.എൻ. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജൂലൈ മൂന്നിനാണ് ജർമനിക്ക് പോയത്. അച്ഛൻ സാബു റിട്ട. എസ്‌ഐയും അമ്മ ജ്യോതി ചെമ്പകപ്പാറ പിഎച്ച്‌സിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ്.

ബുധനാഴ്ച വൈകീട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇന്ത്യൻ എംബസിയുമായി ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്.ചെമ്മക്കാട് അശ്വനി നിവാസിൽ ജോയി (റിട്ട. കൃഷി വകുപ്പ്) യുടെയും ഷീലാ ജോയിയുടെയും (റിട്ട. ഓഫീസ് അസിസ്റ്റന്റ്, രജിസ്ട്രേഷൻ വകുപ്പ്) മകളാണ് മരിച്ച അഞ്ജലി എസ്. ജോയി. കഴിഞ്ഞ ജൂലായിലാണ് ജോലി ലഭിച്ച് ജർമ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.

ബോഹുമിലെ ഹോഫ്സ്റ്റെഡെ മേഖലയിലുള്ള ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീയും കനത്ത പുകയും കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതോടെ താമസക്കാർക്ക് പുറത്തുകടക്കാൻ ബുദ്ധിമുട്ടുണ്ടായതായാണ് വിവരം. സംഭവത്തിൽ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീയിട്ടതാകാമെന്നും തീ പടർന്നതോടെ കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതാകാമെന്നുമാണ് അന്വേഷണത്തിലെ പ്രാഥമിക സൂചനകൾ. സാങ്കേതിക തകരാറിനെക്കാൾ മനഃപൂർവമായ ഇടപെടലാണ് തീപിടിത്തത്തിന് പിന്നിലെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനെ കൊലപാതക സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെട്ടിടത്തിലെ താമസക്കാർ തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഇന്നലെയും ഇവർ തമ്മിൽ വഴക്കുണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഈ തർക്കത്തിന് തീപിടിത്തവുമായി ബന്ധമുണ്ടോയെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ സാഹചര്യങ്ങളും തീപിടിത്തത്തിന്റെ കൃത്യമായ കാരണവും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്ന് മലയാളികളുടെ അപ്രതീക്ഷിത മരണം ജർമ്മനിയിലെ മലയാളി സമൂഹത്തെയും കേരളത്തിലെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Get more updates from Pudukad News on Google