ഡ്യൂട്ടിക്കിടെ വെടിയേറ്റ ഷെരീഫ് ഡപ്യൂട്ടി കാതറിൻ ഫ്രാങ്ക് മരണത്തിന് കീഴടങ്ങി; പുതുജീവൻ നൽകി മടക്കം

Current: മലയാളം

സൗത്ത് ഡെക്കോഡ: ഡ്യൂട്ടിക്കിടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷെരീഫ് ഡപ്യൂട്ടി കാതറിൻ ഫ്രാങ്ക് (26) അന്തരിച്ചു. സിയൂസ് ഫോൾസിലെ ഒരു വീട്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് ഫ്രാങ്കിന് വെടിയേറ്റത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന അവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മിനെഹാഹ കൗണ്ടിയിലെ ഒരു വീട്ടിൽ വെടിയൊച്ച ഉയർന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഫ്രാങ്കിനും പരുക്കേറ്റ പ്രതിക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവയവ ദാനത്തിലൂടെ മരണശേഷവും മറ്റുള്ളവർക്ക് തുണയായി മാറിയാണ് കാതറിൻ ഫ്രാങ്ക് യാത്രയായതെന്ന് ഷെരീഫ് ഓഫിസ് അറിയിച്ചു.
സംഭവത്തിൽ ബ്രാൻഡൻ ജോൺ ഔട്കെൻ (39) എന്ന പ്രതിക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സൗത്ത് ഡെക്കോഡ ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫ്രാങ്കിന്റെ വിയോഗത്തിൽ സൗത്ത് ഡെക്കോഡ അറ്റോർണി ജനറൽ മാർട്ടി ജാക്ലി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.






