
സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവച്ച മൂന്നു വാർഡുകളിലെ വോട്ടെുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 67.2% പോളിങ്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ മൂന്ന് വാർഡുകളിലെ വോട്ടെടുപ്പാണ് പൂർത്തിയായത്. വോട്ടെണ്ണൽ നാളെ (ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതൽ നടക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് ബിജെപിക്ക് ഭരണപരമായി ഏറെ നിർണ്ണായകമാണ്. നിലവിൽ സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുള്ള ബിജെപിക്ക്, വിഴിഞ്ഞത്ത് ജയിച്ചാൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കും. എന്നാൽ സിറ്റിംഗ് സീറ്റായ വിഴിഞ്ഞം നിലനിർത്താൻ എൽഡിഎഫും, നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. മൂന്ന് മുന്നണികളിലും വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉള്ളതിനാൽ ഫലം പ്രവചനാതീതമാണ്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് വടകരയിൽ ‘സംരക്ഷകൻ’ ആര്? ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ബിജെപി
മലപ്പുറം മൂത്തേടത്തെ പായിംപാടം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലും വികസന ചർച്ചകൾ ഉയർത്തിക്കാട്ടി മുന്നണികൾ സജീവമായിരുന്നു. നാളത്തെ വോട്ടെണ്ണൽ ഫലം തദ്ദേശ ഭരണസമിതികളിലെ അധികാര സമവാക്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post വിഴിഞ്ഞം ഉൾപ്പെടെ മൂന്ന് വാർഡുകളിൽ വോട്ടെടുപ്പ് പൂർത്തിയായി; വിധി നാളെ appeared first on Express Kerala.



