ഭൗമരാഷ്ട്രീയത്തിലും യുദ്ധതന്ത്രങ്ങളിലും ലോകത്തിലെ ഏറ്റവും സംഘര്ഷഭരിതമായ അതിര്ത്തികളില് ഒന്നാണ് ഹിമാലയന് മേഖല. പ്രത്യേകിച്ച്, ഇന്ത്യയും ചൈനയും തമ്മില്. പതിറ്റാണ്ടുകളായി തുടരുന്ന അതിര്ത്തി തര്ക്കങ്ങളുടെ വേദി കൂടിയാണ് ഹിമാലയം.

Current: മലയാളം

ഭൗമരാഷ്ട്രീയത്തിലും യുദ്ധതന്ത്രങ്ങളിലും ലോകത്തിലെ ഏറ്റവും സംഘര്ഷഭരിതമായ അതിര്ത്തികളില് ഒന്നാണ് ഹിമാലയന് മേഖല. പ്രത്യേകിച്ച്, ഇന്ത്യയും ചൈനയും തമ്മില്. പതിറ്റാണ്ടുകളായി തുടരുന്ന അതിര്ത്തി തര്ക്കങ്ങളുടെ വേദി കൂടിയാണ് ഹിമാലയം.
എന്നാല്, രാഷ്ട്രീയ ശത്രുതകള് നിലനില്ക്കുമ്പോഴും, ഭയാനകമായ മറ്റൊരു ദുരന്തമുഖത്തെയാണ് രാജ്യങ്ങള്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഹിമാലയത്തില് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില് നേപ്പാളില് കനത്ത നാശംവിതച്ച പ്രളയത്തിനുശേഷം, അടുത്തിടെ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില് നേപ്പാള് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ വളരെ നിര്ണായകമായ ഒരു നിര്ദേശം മുന്നോട്ടുവെക്കുകയുണ്ടായി.
ഹിമാലയന് മേഖലയില് വര്ധിച്ചുവരുന്ന കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാന് ഇന്ത്യയെയും ചൈനയെയും നേപ്പാളിനെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ‘ഹിമാലയന് ക്ലൈമറ്റ് റീസിലിയന്സ് മെക്കാനിസം’ രൂപീകരിക്കണം എന്നതായിരുന്നു ആ നിര്ദേശം.

‘തര്ക്കങ്ങളുടെയും വിവരങ്ങള് മറച്ചുവെക്കുന്നതിന്റെയും അതിര്ത്തിയായി മാറ്റാതെ, അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു വലിയ പരീക്ഷണശാലയായി ഹിമാലയത്തെ മാറ്റൂ…’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
എന്തുകൊണ്ടാണ് ഇത്തരമൊരു പ്രാദേശിക സഹകരണം ഇപ്പോള് അടിയന്തിരമാകുന്നത്? ആഗോള ശരാശരിയേക്കാള് വളരെ വേഗത്തിലാണ് ഹിമാലയന് മേഖലയില് താപനില ഉയരുന്നത്.
ശാസ്ത്രലോകത്തിന്റെ റിപ്പോര്ട്ടുകള് പ്രകാരം, 2000-ത്തിന് ശേഷം ഹിമാലയത്തിലെ മഞ്ഞുരുകല് നിരക്ക് ഇരട്ടിയായി വര്ധിച്ചിരിക്കുന്നു. ടിബറ്റന് പീഠഭൂമിയില് കഴിഞ്ഞ 60 വര്ഷത്തിനിടെ 24 ശതമാനം ഹിമാനികളാണ് ഉരുകിത്തീര്ന്നത്! നിലവില് പതിനാലായിരത്തിലധികം ഹിമതടാകങ്ങളാണ് ഈ മേഖലയിലുള്ളത്.
മഞ്ഞുരുകി ഈ തടാകങ്ങള് കരകവിയുമ്പോള് ഉണ്ടാകുന്ന പ്രളയവും, കനത്ത മഴ കാരണം ഉണ്ടാകുന്ന ഉരുള്പൊട്ടലുകളും ഒരു രാജ്യത്തിന്റെ മാത്രം അതിര്ത്തിയില് ഒതുങ്ങിനില്ക്കുന്നില്ല.
ടിബറ്റില് നിന്ന് ഉത്ഭവിച്ച് നേപ്പാളിലൂടെയും ഇന്ത്യയിലൂടെയും ഭൂട്ടാനിലൂടെയും ഒഴുകുന്ന നദികള് അതിര്ത്തി കടന്ന് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്.
എന്നാല് ഇന്ത്യക്കും ചൈനയ്ക്കും ഒരുമിച്ച് നില്ക്കാന് സാധിക്കുമോ? ചരിത്രം പരിശോധിച്ചാല് അത്ര എളുപ്പമല്ല കാര്യങ്ങള്. 2009ല് ഹിമാലയന് മഞ്ഞുരുകലിനെക്കുറിച്ച് സംയുക്ത ഗവേഷണം നടത്താന് ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നെങ്കിലും, ഒരു മീറ്റിംഗിന് ശേഷം ആ പദ്ധതി നിന്നുപോയി. ബ്രഹ്മപുത്ര, സത്ലജ് നദികളിലെ പ്രളയ വിവരങ്ങള് ഇന്ത്യയ്ക്ക് കൈമാറാന് ചൈനയ്ക്ക് ധാരണയുണ്ടായിരുന്നെങ്കിലും, സമീപകാലത്തായി ആ ഡാറ്റ പങ്കുവെക്കലും നിലച്ചിരിക്കുകയാണ്.
അതിര്ത്തി തര്ക്കങ്ങളും സൈനിക സുരക്ഷയുമാണ് ഇവിടെ വില്ലനാകുന്നത്. ശാസ്ത്രജ്ഞര്ക്ക് കാലാവസ്ഥാ പഠനത്തിന് ആവശ്യമായ ഡാറ്റ, രാജ്യങ്ങളുടെ സുരക്ഷാ ഏജന്സികള് കാണുന്നത് തന്ത്രപ്രധാനമായ സൈനിക വിവരങ്ങളായാണ്! നദീജല പ്രവാഹത്തിന്റെ കണക്കുകള് പുറത്തുവിടാന് പലപ്പോഴും നദികളുടെ ഉത്ഭവസ്ഥാനത്തുള്ള രാജ്യങ്ങള് മടിക്കുന്നു.
എങ്കിലും വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നത് ചില പ്രായോഗിക പരിഹാരങ്ങളാണ്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള് ഒഴിവാക്കി, ദുരന്ത സാധ്യതയുള്ള ഹിമതടാകങ്ങളെ മുന്കൂട്ടി തിരിച്ചറിയാനും, അപായ മുന്നറിയിപ്പുകള് തത്സമയം അതിര്ത്തി കടന്ന് കൈമാറാനുമുള്ള ഒരു സാങ്കേതിക സംവിധാനമെങ്കിലും ഇരു രാജ്യങ്ങളും ചേര്ന്ന് ഉണ്ടാക്കേണ്ടതുണ്ട്.
പഴയ ദുരന്തങ്ങളില് നിന്ന് പഠിക്കുക എന്നത് ഇനി മതിയാവില്ല, വരാനിരിക്കുന്ന അടുത്ത ദുരന്തത്തെ മുന്കൂട്ടി കാണാന് നമുക്ക് സാധിക്കണം, എന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഏഷ്യയിലെ രണ്ട് വന്ശക്തികളായ ഇന്ത്യയെയും ചൈനയെയും തങ്ങളുടെ രാഷ്ട്രീയ വ്യത്യാസങ്ങള് മാറ്റിവെപ്പിച്ച്, ഈ പാരിസ്ഥിതിക ഭീഷണിക്കെതിരെ ഒന്നിപ്പിക്കാന് നേപ്പാളിന് സാധിക്കുമോ? കാലാവസ്ഥ വ്യതിയാനം ഉയര്ത്തുന്ന വലിയ ചോദ്യമാണിത്.






