
ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അവിടുത്തെ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആർക്കും ഇതുവരെ പ്രതിസന്ധികളില്ലെന്നും വിക്രം മിസ്രി അറിയിച്ചു. രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ എംബസിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രശ്‌നങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യൻ സമൂഹത്തിന് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: റിലീസിന് മുൻപേ വിവാദത്തിൽ ‘ടോക്സിക്’; ചിത്രത്തിൽ അശ്ലീലതയെന്ന് ആരോപിച്ച് കർണാടക വനിതാ കമ്മീഷന് പരാതി
വിലക്കയറ്റത്തെത്തുടർന്ന് ഡിസംബർ 28-ന് ആരംഭിച്ച പ്രക്ഷോഭം ഇറാനിൽ അതിശക്തമായി തുടരുകയാണ്. ഇതിനോടകം നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ തടവിലാക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ സൈനിക നടപടികളെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതും പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.
The post ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് വിദേശകാര്യ സെക്രട്ടറി appeared first on Express Kerala.




