കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം | Beed car bus accident

Current: മലയാളം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കാറും സംസ്ഥാന ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് കുട്ടിയുൾപ്പെടെ അഞ്ചുപേർ മരിച്ചു. പന്ധർപുർ–ഖാംഗാവ് ദേശീയപാതയിൽ മജൽഗാവ്–ടെൽഗാവ് റോഡിലെ ഷിന്ദേവാഡി ഫാട്ടയ്ക്ക് സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. (Beed car bus accident)
വേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മരിച്ചവർ മജൽഗാവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. തുളജാപുരിൽ ദർശനം നടത്തിയശേഷം മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Summary: Five people, including a young child, died after a car collided with a state transport bus in Maharashtra’s Beed district. Preliminary reports say the car hit a pothole and the driver lost control before the collision. Bus passengers were reported safe.


