ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജ്യുക്കേഷന് കീഴിലെ 94 സ്ഥാപനങ്ങൾക്ക് കെഫോൺ കണക്ഷൻ

Current: മലയാളം

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജ്യുക്കേഷന് കീഴിലുള്ള 94 സ്ഥാപനങ്ങളിൽ കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കാൻ ധാരണയായി. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 192 എയ്ഡഡ് കോളേജുകളിൽ ഇ–ഓഫീസ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനായി കെഫോണിന്റെ ഈ നീക്കം.
“വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡിജിറ്റൽ മുന്നേറ്റത്തിന് വിശ്വസനീയമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി അനിവാര്യമാണ്.
ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജ്യുക്കേഷന് കീഴിലുള്ള 94 സ്ഥാപനങ്ങളിലേക്ക് കെഫോൺ സേവനം വ്യാപിപ്പിക്കുന്നത് ഇ-ഓഫീസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് സഹായകമാകും.
വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്,” കെഫോൺ മാനേജിങ് ഡയറക്ടർ സച്ചിൻ കുമാർ യാദവ് ഐ.എ.എസ്. പറഞ്ഞു.
വിശ്വസനീയമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാകുന്നതോടെ ഇ–ഓഫീസ് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനും ഭരണപരമായ നടപടികൾ കൂടുതൽ വേഗത്തിലാക്കാനും സാധിക്കും.
ഡിജിറ്റൽ സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും






