‘ബംഗ്ലാദേശിലേതും ഫ്രാൻസിലേതും പോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമങ്ങൾ’; മോഹൻ ഭാഗവത് | RSS chief on regime change in India
Current: മലയാളം
ബംഗ്ലാദേശിലും നേപ്പാളിലും ഫ്രാൻസിലും ഉണ്ടായ സംഭവങ്ങൾക്ക് സമാനമായി ഇന്ത്യയിലും ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാർഷിക പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ച ഭാഗവത്, ഇത്തരം നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായിരിക്കണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനോ ശത്രുത സൃഷ്ടിക്കുന്നതിനോ അവ കാരണമാകരുത്. പ്രക്ഷോഭങ്ങൾക്കിടെ മര്യാദയുടെ അതിർവരമ്പുകൾ പാലിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. (RSS chief on regime change in India)
വോട്ട് നേടുന്നതിനോ ജനപ്രീതി വർധിപ്പിക്കുന്നതിനോ വേണ്ടിയാകരുത് പ്രക്ഷോഭങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭങ്ങൾ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും സമൂഹത്തിനുള്ളിലെ സംവാദങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയുമാണ് യഥാർഥ പരിഹാരങ്ങൾ കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ അസംതൃപ്തിയും അരാജകത്വവും വളർത്താൻ വിവിധ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഭാഗവത് ആരോപിച്ചു. തെറ്റിദ്ധാരണകളും ഭിന്നതകളും സൃഷ്ടിക്കുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രകോപനങ്ങളിൽ വീഴാതെ പരസ്പര സൗഹാർദം സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഭാഗവത് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആരാധനാരീതികളിലെ വ്യത്യാസങ്ങളെ വേർതിരിവായി കാണുന്ന സമീപനം ഉപേക്ഷിക്കണമെന്നും ഇന്ത്യയോടുള്ള പ്രതിബദ്ധത, പൂർവികരിലുള്ള അഭിമാനം, ഭാരതീയ സംസ്കാരത്തോടുള്ള ആദരവ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
Summary: RSS chief Mohan Bhagwat said attempts to bring about regime change were taking place in India, drawing comparisons with events in Bangladesh, Nepal and France. In his annual Dussehra address, he called for peaceful protests, social dialogue, national unity and vigilance against forces he said were fuelling discord.






