പ്രിയദർശിനി സൗജന്യ യാത്ര 30,000 രൂപയില്‍ താഴെ വരുമാനമുള്ള സാധാരണക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. പദ്ധതി സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സാമ്പത്തിക ഭാരം പതിന്മടങ്ങ് വര്‍ധിപ്പിക്കും. 4,000-ല്‍ താഴെ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന കോര്‍പ്പറേഷനു വലിയ തുക സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടി വരുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡിജോ കാപ്പന്‍ സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജെയിംസ് വടക്കന്‍ – അഭിമുഖം അവസാന ഭാഗം

Current: മലയാളം

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി 30,000 രൂപയില്‍ താഴെ വരുമാനമുള്ള സാധാരണക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. അല്ലാത്തപക്ഷം പദ്ധതി സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സാമ്പത്തിക ഭാരം പതിന്മടങ്ങ് വര്‍ധിപ്പിക്കും.
കേരളത്തിന്റെ പൊതുഗതാഗത പ്രതിസന്ധിയെക്കുറിച്ചു കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ വിദഗ്ദ്ധനും ഡിജോ കാപ്പന്‍ സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍റെ മാനേജിങ് ട്രസ്റ്റിയും മഹാ കര്‍ഷക പഞ്ചായത്ത് ചെയര്‍മാനുമായ ജെയിംസ് വടക്കന്‍ സത്യം ലൈവ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി വലിയൊരു പ്രതിസന്ധിയില്‍
നമ്മുടെ പൊതുഗതാഗത സംവിധാനം വലിയൊരു പുകമറയിലൂടെയാണു മുന്നോട്ടുപോകുന്നത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചോ നഷ്ടക്കണക്കുകളെക്കുറിച്ചോ ചൂണ്ടിക്കാണിക്കുമ്പോള്‍ അതു കേള്‍ക്കാന്‍ പോലും പലര്‍ക്കും താല്‍പ്പര്യമില്ല. കാരണം ഈ സിസ്റ്റത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണവര്‍.
4,000-ല്‍ താഴെ മാത്രം ബസുകള്‍ ഓടിക്കുന്ന കോര്‍പ്പറേഷന് ഇതുവരെ പതിനായിരക്കണക്കിനു കോടി രൂപയാണു സര്‍ക്കാരിന്‍റെ കയ്യില്‍ നിന്നും നല്‍കേണ്ടി വന്നിട്ടുള്ളത്.
ഇപ്പോഴത്തെ കണക്കുപ്രകാരം ഒരു ബസ് ഓടിക്കുമ്പോള്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ആശങ്ക ഉയര്‍ത്തി ബസുകളുടെ കാലപ്പഴക്കം
കേരളത്തില്‍ മിന്നല്‍ സര്‍വീസുകള്‍ ആരംഭിച്ച് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ മിന്നല്‍ ബസുകള്‍ ഉള്‍പ്പെട്ട ഗുരുതരമായ അപകടങ്ങളില്‍ ഒമ്പതോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇതിന്റെ കാരണം പരിശോധിച്ചാല്‍, 9 വര്‍ഷം വരെ പഴക്കമുള്ള വണ്ടികളാണ് ‘മിന്നല്‍’ ആയി സര്‍വീസ് നടത്തുന്നത് എന്നാണു മനസിലാകുന്നത്.
9 വര്‍ഷം പഴക്കമുള്ള വണ്ടി മിന്നല്‍ വേഗതയില്‍ ഓടുമ്പോള്‍ സ്വാഭാവികമായും വലിയ അപകടങ്ങള്‍ക്കു വഴിയൊരുക്കും. അതുപോലെ 12 വര്‍ഷം പഴക്കമുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളും മറ്റും ഇപ്പോഴും നിരത്തുകളിലുണ്ട്.
വണ്ടികള്‍ റീഫര്‍ബിഷ് ചെയ്തു എന്നാണു പറയുന്നതെങ്കിലും, സ്വകാര്യ ബസുകള്‍ പോലും നിശ്ചിത കാലയളവിനുശേഷം മാറ്റുമ്പോള്‍, കെഎസ്ആര്‍ടിസി ഇത്തരം പഴയ വണ്ടികള്‍ കഠിനമായ റൂട്ടുകളില്‍ ഓടിക്കുന്നത് യാത്രക്കാരുടെ ജീവനു ഭീഷണിയാണ്.
കെഎസ്ആര്‍ടിസി നടത്തിപ്പില്‍ മാറ്റം വരണം
ഇനി കെഎസ്ആര്‍ടിസി പുതിയ വണ്ടികള്‍ വാങ്ങി സര്‍വീസ് നടത്തി നഷ്ടം വരുത്തേണ്ടതില്ല. പകരം റൂട്ടുകളുടെ അടിസ്ഥാനത്തില്‍ താല്‍പ്പര്യമുള്ള സ്വകാര്യ ബസുകള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതി നല്‍കണം.
ഉദാഹരണത്തിന്, സ്വകാര്യ ബസുകള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടുള്ള ഉള്‍പ്രദേശങ്ങളിലോ രാത്രികാല സര്‍വീസുകളിലോ സര്‍ക്കാര്‍ അവരോട് പറഞ്ഞു നഷ്ടം നികത്തി (സബ്സിഡി നല്‍കി) സര്‍വീസ് നടത്തിക്കൂടെ ?
അങ്ങനെ ചെയ്താല്‍ പ്രതിവര്‍ഷം കോടികളുടെ നഷ്ടം വരുന്ന കെഎസ്ആര്‍ടിസിക്ക് വലിയ ആശ്വാസമാകും. അനാകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൊക്കെ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിന്റെ ഭാഗമായി പരിശോധിക്കാവുന്നതാണ്. എന്നാല്‍, ഇതിനെയൊക്കെ എതിര്‍ക്കുന്നവര്‍ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്.
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ദി പബ്ലിക്
പൊതുഗതാഗതത്തിന് പിന്നിലുള്ള അടിസ്ഥാനപരമായ സങ്കല്‍പ്പം തന്നെ നമ്മള്‍ മാറേണ്ടതുണ്ട്. യാത്രക്കാര്‍ക്കു മികച്ചതും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാണു പ്രധാനം.
അതു സര്‍ക്കാര്‍ തന്നെ നടത്തണമെന്ന വാശിക്ക് അപ്പുറം, കാര്യക്ഷമമായ രീതിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെയും കൃത്യമായ കണ്‍ട്രോളോടെയും, ഉദാഹരണത്തിനു ടൈം ഗ്യാപ്പ് ഫിക്‌സ് ചെയ്യാന്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു നടപ്പിലാക്കണം.
ആധുനിക കാലത്തെ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതവും ലാഭകരവുമായ ഒരു പൊതുഗതാഗത സംവിധാനമാണ് കേരളത്തിന് ഇനി ആവശ്യം.
മന്ത്രിയില്‍ നിന്നു പ്രതികരണം ഉണ്ടായില്ല
ഗാതഗത രംഗത്തെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പുതിയ ഗതാഗത മന്ത്രിയെ നേരിട്ടു കണ്ടിട്ടില്ല. എങ്കിലും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ജയേന്ദ്രന്‍ പോലുള്ള സുഹൃത്തുക്കള്‍ വഴി ഞങ്ങളുടെ പുസ്തകം മന്ത്രിക്കു കൈമാറിയിരുന്നു.
എന്നാല്‍, ഇതിലൊന്നും അധികാരികളില്‍ നിന്ന് കാര്യമായ മറുപടികളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. എന്റെ കണ്ടെത്തലുകളും നിലപാടുകളും രഹസ്യമല്ല, ഇതൊരു ഓപ്പണ്‍ ഡോക്യുമെന്റാണ്.

പൊതുവേദികളില്‍ തുറന്ന ചര്‍ച്ചയ്ക്കു ഞാന്‍ എപ്പോഴും തയ്യാറാണ്, പക്ഷേ അതിനുള്ള സന്നദ്ധത അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് സത്യം.
സൗജന്യ യാത്രാ പദ്ധതി സാമ്പത്തിക തിരിച്ചടിയാകും
പ്രിയദര്‍ശനി പദ്ധതി സമ്പന്നര്‍ക്കും സ്ഥിരവരുമാനമുള്ളവര്‍ക്കും വീണ്ടും സൗജന്യങ്ങള്‍ നല്‍കുന്ന ഒരു പദ്ധതിയാണിത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍, അത് അര്‍ഹരായ ദരിദ്രരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കണം.
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ ഏകദേശം 70 ശതമാനവും സ്ത്രീകളാണ്, അവരുടെ മിനിമം ശമ്പളം തന്നെ 50,000 രൂപയ്ക്ക് മുകളിലാണ്.
ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുമാണ് ഈ സൗജന്യ യാത്രയുടെ പ്രധാന ഗുണഭോക്താക്കള്‍. മറുവശത്ത്, ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകളാകട്ടെ പലപ്പോഴും ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ഇതു കെഎസ്ആര്‍ടിസിയെ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണു നയിക്കുന്നത്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ ഫ്രീ പാസുകള്‍ അനുവദിക്കുമ്പോള്‍ കോര്‍പ്പറേഷന്റെ നിലവിലുള്ള ഫണ്ടിംഗ് സംവിധാനങ്ങള്‍ തകരുന്നു.
ബാങ്ക് കണ്‍സോര്‍ഷ്യങ്ങളിലൂടെയും ലോണുകളിലൂടെയും താല്‍ക്കാലികമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചാലും, ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇത് വലിയൊരു ദുരന്തമായി മാറും.
ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകാം. ഒരു ബസിനു പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപ നഷ്ടം വരുന്ന അവസ്ഥയില്‍, ഇത്തരം സൗജന്യങ്ങള്‍ സാമ്പത്തികമായി വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്.
സൗജന്യ യാത്ര അര്‍ഹരായവര്‍ക്ക് പരിമിതപ്പെടുത്തണം
സൗജന്യ യാത്രാ പദ്ധതികള്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നല്ല ഞാന്‍ പറയുന്നത്, മറിച്ച് അത് അര്‍ഹരായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം.

കെഎസ്ആര്‍ടിസിയിലോ സ്വകാര്യ മേഖലയിലോ സര്‍വീസ് നടത്തുമ്പോള്‍, 30,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള സ്ത്രീകള്‍ക്കു മാത്രമായി ഈ സൗജന്യ സേവനം ചുരുക്കണം.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള എലീറ്റ് ക്ലാസിന് ഇത്തരം സൗജന്യങ്ങളുടെ ആവശ്യമില്ല. ഭരണാധികാരികള്‍ ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു ജനപക്ഷത്തുനിന്നുള്ള പുനര്‍വിചിന്തനത്തിനു തയ്യാറാകണം.
ശബരിമല സീസണിലും കെഎസ്ആര്‍ടിസി നേരിടാന്‍ പോകുന്ന പ്രതിസന്ധി
നവംബര്‍ മാസത്തോടെ ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കും മറ്റുമായി നിരവധി ബസ്സുകള്‍ മാറ്റേണ്ടി വരും. ഇതു സാധാരണ റൂട്ടുകളിലെ സര്‍വീസുകളെ ബാധിക്കും.
നിലവിലുള്ള ഫ്രീ പാസുകളും സൗജന്യ യാത്രകളും കാരണം ആളുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ബസുകളില്‍ വലിയ തിക്കും തിരക്കും ഉണ്ടാകും. കൃത്യമായ പ്ലാനിങ് ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒടുവില്‍ ജനങ്ങളെയാണ് ദുരിതത്തിലാക്കുക.






