ഷിമോഗ ദസറ ജംബൂ സവാരിക്കിടെ ‘സോമണ്ണ’യെന്ന ആന ഇടഞ്ഞു: തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി | Shivamogga Dasara

Current: മലയാളം

ബെംഗളൂരു : കർണാടകയിലെ ഷിമോഗയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരി ഘോഷയാത്രയ്ക്കിടെ അംബാരി ചുമന്ന ആന ഇടഞ്ഞോടിയത് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ച ‘സോമണ്ണ’ എന്ന ആനയാണ് പ്രഘോഷണം തുടങ്ങി മിനിറ്റുകൾക്കകം ഭയന്നോടിയത്.(Shivamogga Dasara Elephant Somanna Runs Amok During Jamboo Savari Procession)
ആന പെട്ടെന്ന് പിന്നോട്ട് തിരിഞ്ഞതോടെ പിന്നിലുണ്ടായിരുന്ന ‘ബഹാദൂർ’ എന്ന മറ്റൊരു ആനയും തിരിഞ്ഞോടുകയായിരുന്നു. ആന ഇടഞ്ഞതോടെ മുകളിലുണ്ടായിരുന്ന അംബാരി താഴ്ന്ന് നിലത്തുവീണു. പാപ്പാൻമാരും വനംവകുപ്പ് ജീവനക്കാരും ജനങ്ങളും പരിഭ്രാന്തരായി ചിതറിയോടി. റോഡരികിൽ നിർത്തിയിട്ടിരുന്ന ചില കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ആനയുടെ തട്ടലിൽ കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സക്രബെയിലു ആന ക്യാമ്പിൽ നിന്നാണ് സോമണ്ണയെ ദസറ ആഘോഷങ്ങൾക്കായി എത്തിച്ചത്. മുൻവർഷങ്ങളിൽ ‘സാഗർ’ എന്ന ആനയായിരുന്നു അംബാരി ചുമന്നിരുന്നത്. എന്നാൽ ഇത്തവണത്തെ പരിശീലന സമയത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിനെത്തുടർന്നാണ് 36 വയസ്സുള്ള സോമണ്ണയെ ആദ്യമായി അംബാരി ചുമക്കാൻ നിയോഗിച്ചത്. വലിയ ജനക്കൂട്ടത്തെ കണ്ട് ഭയന്നതാണ് ആന ഇടയാൻ കാരണമായതെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രസന്ന കൃഷ്ണ പടഗാർ വ്യക്തമാക്കി.
സമയോചിതമായ ഇടപെടലിലൂടെയുമാണ് സോമണ്ണയെ തളയ്ക്കാനായത്. തുടർന്ന് ദേവിയുടെ വിഗ്രഹം സുരക്ഷിതമായി മാറ്റി. വൻ ജനക്കൂട്ടമുണ്ടായിരുന്നെങ്കിലും പോലീസിന്റെയും വനപാലകരുടെയും സമയോചിത ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. തുടർന്ന് ആനകളെ ഒഴിവാക്കി ഘോഷയാത്ര മുൻ നിശ്ചയിച്ച പ്രകാരം അല്ലാമ പ്രഭു പാർക്കിലേക്ക് തുടർന്നതായി ഷിമോഗ എസ്.പി ബി. നിഖിൽ അറിയിച്ചു.
Story Summary
During the Shivamogga Dasara Jamboo Savari procession in Karnataka, a 36-year-old elephant named Somanna carrying the Chamundeshwari idol panicked and ran backwards due to the massive crowd. The incident caused severe chaos as the howdah fell to the ground and damaged parked vehicles, though no injuries were reported. Forest officials and mahouts eventually controlled the elephant using sedatives, allowing the procession to resume without elephants.






